ലീഗിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പടയൊരുക്കം

single-img
19 July 2022

അഖിലേന്ത്യ ജനറൽ സെക്രട്ടറിയെന്ന നിലയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ സമീപനത്തെ ചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷം. പാർട്ടി മുന്നണിപ്പോരാളിയുടെ റോളിലുള്ള കുഞ്ഞാലിക്കുട്ടി കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ സ്വീകരിക്കുന്ന അഴകൊഴമ്പൻ സമീപനം ആണ് എന്നും, ന്യൂനപക്ഷ വേട്ടക്കെതിരെ കോൺഗ്രസ് നേതാക്കൾ ഉയർത്തുന്ന പ്രതികരണംപോലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നുമാണ് വിമർശനം.

ഉന്നതാധികാര സമിതിയിൽ അടക്കമുള്ള പല നേതാക്കളുടെയും മനോവികാരമാണ് കെ.എസ്. ഹംസ കൊച്ചിയിൽ നടന്ന പ്രവർത്തക സമിതിയിൽ പ്രകടിപ്പിച്ചത് എന്നാണു ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാൽ വിമർശനങ്ങൾക്കു കൃത്യമായ മറുപടി പറയുന്നതിന് പക്ഷരം വിമർശനം ഉന്നയിച്ച ഹംസക്കെതിരെ നടപടി സ്വീകരിക്കാൻ ആണ് കുഞ്ഞാലിക്കുട്ടി ശ്രമിച്ചത് എന്നും ഈ വിഭാഗം നേതാക്കൾ പറയുന്നത്. ഹംസക്കെതിരെ നടപടി എടുത്തില്ലെങ്കിൽ താൻ സ്ഥാനങ്ങൾ രാജിവെക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് പാണക്കാട് സാദിഖലി തങ്ങളെ കൊണ്ട് നടപടി എടുപ്പിച്ചത് എന്നും ഇവർ ആരോപിക്കുന്നു.

12 കോടിയുടെ ‘ഹദ്‍യ’ ഫണ്ട് പാർട്ടി പത്രത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ വിനിയോഗിക്കുമെന്ന് നേരത്തേ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി.എം.എ. സലാം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഫണ്ട് വകമാറ്റാനുള്ള നീക്കമുണ്ടാവുകയും ഇതിനെ ഒരുവിഭാഗം എതിർക്കുകയും ചെയ്തു. നേരത്തേ മുഈനലി തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ വെടിപൊട്ടിച്ചതും ചന്ദ്രിക ഫണ്ടിനെച്ചൊല്ലിയായിരുന്നു. പാർട്ടി നടത്തിയിരുന്ന വഖഫ് പ്രക്ഷോഭം നിയമസഭ സമ്മേളനം നടക്കുന്ന നിർണായക സമയത്ത് നിർത്തിവെച്ചതിലൂടെ സർക്കാറിനെതിരായ പ്രതിഷേധങ്ങൾക്ക് ആസൂത്രിത തടയിടൽ നടക്കുന്നതായ വികാരം പാർട്ടിയിലുണ്ട്. ഇത് പ്രവർത്തകർക്ക് നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ദേശീയതലത്തിൽ പാർട്ടിക്ക് ആവശ്യമായ പ്രവർത്തന ഫണ്ട് കണ്ടെത്തുന്നത് താനാണെന്ന ന്യായമാണ് കുഞ്ഞാലിക്കുട്ടി യോഗങ്ങളിൽ ഉയർത്തുന്നത്. നിയമസഭക്കകത്തും പുറത്തും പാർട്ടി എം.എൽ.എമാരും നേതാക്കളും സംസ്ഥാന സർക്കാറിനെതിരെ നടത്തുന്ന വിമർശനങ്ങൾ താൻ ഒരുനിലക്കും വിലക്കിയിട്ടില്ലെന്നും തന്റേതായ ശൈലിയിൽ വിമർശനം ഉയർത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.