നികുതി അടയ്ക്കാതെ സർവ്വീസ് നടത്തി; ഇൻഡിഗോ എയർലൈൻസിന്റെ ബസ് എംവിഡി പിടിച്ചെടുത്തു

single-img
19 July 2022

നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിന്റെ പേരിൽ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കോഴിക്കോട്ടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്.

കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടുനല്‍കൂവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഇന്ന് വൈകുന്നേരത്തോടെ ഫറോക്ക് ചുങ്കത്തെ വർക്ക്‌ഷോപ്പിൽ നിന്നുമായിരുന്നു പിടിച്ചെടുത്തത്. ആറുമാസത്തെ കുടിശ്ശികയായി നാല്പത്തിനായിരത്തോളം രൂപയാണ് ബസിന്റെ പേരിൽ അടയ്ക്കാനുള്ളത്.

ആർ ടി ഒയുടെ നിർദേശപ്രകാരം ജോയിന്റ് ആർ ടി ഒ ഉൾപ്പെട്ട സംഘമാണ് ബസ് പിടിച്ചെടുത്തത്. ഇതോടൊപ്പം തന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും എയർപ്പോർട്ടിനുള്ളിലായിരുന്നതിനാലാണ് ബസ് ഇതുവരെ പിടിച്ചെടുക്കാൻ കഴിയാതിരുന്നതെന്നും, ഇന്ന് വാഹനം പുറത്തിറക്കിയപ്പോൾ പിടിച്ചെടുക്കകയായിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.