സൂര്യ നായകനായെത്തിയ ‘ജയ് ഭീം’ എന്ന ചിത്രത്തിനെതിരെയുള്ള കേസില്‍ സൂര്യ, സംവിധായകന്‍ ടി.ജെ.ജ്ഞാനവേല്‍ ഇവർക്ക്‌ എതിരെ കടുത്ത നടപടി പാടില്ല;മദ്രാസ് ഹെെക്കോടതി

single-img
19 July 2022

ചെന്നൈ: സൂര്യ നായകനായെത്തിയ ‘ജയ് ഭീം’ എന്ന ചിത്രത്തിനെതിരെയുള്ള കേസില്‍ സൂര്യ, സംവിധായകന്‍ ടി.ജെ.ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ കടുത്ത നടപടി പാടില്ലെന്ന് മദ്രാസ് ഹെെക്കോടതി.

ചിത്രത്തില്‍ വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചുള്ള കേസിലാണ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത ഉത്തരവുണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരേ കടുത്ത നടപടി പാടില്ലെന്നാണ് നിര്‍ദേശം.

സൂര്യയുടെ ഭാര്യയും ചിത്രത്തിന്റെ നിര്‍മാതാവുമായ ജ്യോതികയും കേസില്‍ പ്രതിയാണ്. സെയ്‌ദാപ്പേട്ട് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് വേളാച്ചേരി പൊലീസ് ഇവര്‍ക്കെതിരേ കേസെടുത്തത്. വണ്ണിയര്‍ സമുദായത്തില്‍പ്പെട്ട സന്തോഷ് എന്നയാള്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു നടപടി. ഇതിനെതിരെ സൂര്യയും സംവിധായകനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സതീഷ്‌കുമാര്‍ പൊലീസില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‌ത ജയ് ഭീം 2021 ഓഗസ്റ്റ് അഞ്ചിനാണ് പുറത്തിറങ്ങിയത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്. ജസ്റ്റിസ് കെ ചന്ദ്രു പോരാട്ടം നയിച്ച ഒരു കേസിന് കാരണമായ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.