ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിന്‍ഡെയും വീണ്ടും ഒന്നിക്കുമോ? കൂടികാഴ്ച്ച രണ്ട് ദിവസത്തിനകം

single-img
18 July 2022

ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും രണ്ട് ​ദിവസത്തിനുള്ളിൽ കൂടിക്കാഴ്ച്ച നടത്തുമെന്ന് മറാത്തി താരവും ശിവ സേന നേതാവുമായ ദീപാലി സെയ്ദ്.

ശിവസേന അം​​ഗങ്ങളുടെ വികാരം കണക്കിലെടുത്ത് ഉദ്ധവ് താക്കറെയും ഏകനാഥ് ഷിൻഡെയും തമ്മിലുള്ള കൂടിക്കാഴ്ച്ച രണ്ട് ദിവസത്തിനുള്ളിൽ നടക്കും. ഇതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ചില ബിജെപി നേതാക്കളാണ് ഈ യോ​ഗത്തിന് മധ്യസ്ഥത വഹിക്കുന്നതെന്നുമാണ്’ താരത്തിന്റെ ട്വിറ്റ്.

എന്നാൽ, സെയിദിന് പാർ‍‍ട്ടിയിൽ യാതൊരു പദവിയുമില്ലെന്ന് ശിവസേന നേതാക്കൾ പറഞ്ഞു.

2019 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ താനെ ജില്ലയിലെ മുംബ്ര-കൽവ മണ്ഡലത്തിൽ നിന്ന് ശിവസേനയുടെ സ്ഥാനാർത്ഥിയായി സെയിദ് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇതിനു പുറമെ 2014 ൽ അഹമ്മദ്‌നഗർ ജില്ലയിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായും മത്സരിച്ച നേതാവാണ് ദീപാലി സെയ്ദ്.

സെയ്ദിന്റെ ട്വിറ്റിന് മറുപടിയുമായി ശിവസേന എംപി സഞ്ജയ് റാവത്ത് രം​ഗത്തെത്തിയിട്ടുണ്ട്. നേതാക്കളുടെ കൂടിക്കാഴ്ച്ചയെ സംബന്ധിച്ച് എനിക്ക് യാതൊന്നും അറിയില്ല. മഹാ വികാസ് അഘാഡിയുടെ (എംവിഎ) തകർച്ചയെത്തുടർന്ന് ഷിൻഡെയും ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസും യഥാക്രമം മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ, അധികാരത്തിലെത്തി 15 ദിവസമായിട്ടും ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ മന്ത്രിസഭ വിപുലീകരിക്കാത്തതിൽ തനിക്ക് വിയോജിപ്പുണ്ട്. നിലവിൽ ശിവസേനയുടെ 40 വിമത എംഎൽഎമാർ നിയമസഭയിൽ നിന്നും അയോ​ഗ്യരാക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഈ വിഷയം കോടതിയുടെ പരി​ഗണനയിലാണെന്നും’ അദ്ദേഹം പറഞ്ഞു.