അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം കടന്നുകളഞ്ഞ മകനെതിരെ പരാതി

single-img
18 July 2022

അടൂര്‍ ∙ വഴിയരികില്‍ കണ്ടതെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച്‌ സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം കടന്നുകളഞ്ഞ മകനെതിരെ പരാതി.

അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രമാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയില്‍ പറയുന്നത്: ടാപ്പിങ് തൊഴിലാളിയായ മകന്‍ അമ്മയ്ക്കൊപ്പം (71) അടൂര്‍ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രി ഇയാള്‍ അമ്മയെ മിത്രപുരം ഭാഗത്ത് വഴിയില്‍ കൊണ്ടുനിര്‍ത്തി. അതുവഴി വന്ന പൊലീസ് വാഹനത്തിന് കൈകാണിച്ചു. തന്റെ പേര് ബിജു എന്നാണെന്നും അ‍ജ്ഞാതയായ വയോധികയെ വഴിയരികില്‍ കണ്ടതാണെന്നും പൊലീസിനോടു പറഞ്ഞു. തുടര്‍ന്ന് പൊലീസ് വയോധികയെ മഹാത്മാ ജനസേവന കേന്ദ്രത്തില്‍ എത്തിച്ചു.

16ന് അമ്മയുടെ ഫോണിലേക്ക് കോള്‍ വന്നു, വയോധികയെ ജനസേവന കേന്ദ്രത്തില്‍ എത്തിക്കാന്‍ സഹായിച്ച ബിജുവാണെന്നും അവരെ ഒന്നു കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങി. തുടര്‍ന്ന് കേന്ദ്രത്തില്‍ മദ്യപിച്ചെത്തിയ ഇയാള്‍ വയോധികയുടെ കയ്യിലുള്ള രേഖകള്‍ കൈവശപ്പെടുത്താന്‍ ശ്രമം നടത്തി. ഇതില്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ബിജുവെന്നു പറഞ്ഞു വന്നയാള്‍ വയോധികയുടെ മകനാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അധികൃതര്‍ വട്ടപ്പാറ കല്ലയം കാരാമൂട് അനിതവിലാസത്തില്‍ അജികുമാറിനെതിരെ പരാതി നല്‍കുകയായിരുന്നു.