ഇന്ന് കർക്കടകം ഒന്ന്, രാമായണ മാസാരംഭം

single-img
17 July 2022

കർക്കടകം ഒന്നിന് രാവിലെ കുളിച്ചു ശുദ്ധമായി വേണം രാമായണ പാരായണം ആരംഭിക്കാൻ. നിലവിളക്ക് തെളിയിച്ചു രാമായണം വന്ദിച്ചു കൊണ്ടാണ് വായിച്ചു തുടങ്ങുക. കർക്കടകം മാസം അവസാനിക്കുന്നതിനു മുൻപ് തന്നെ മുഴുവൻ അദ്ധ്യായങ്ങളും വായിച്ചു പൂർത്തിയാക്കുകയും വേണം. വടക്കോട്ട് മുഖം തിരിഞ്ഞിരുന്നാണ് രാമായണം പാരായണം ചെയ്യേണ്ടത്.

ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുമ്പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തിരിക്കണം. ശ്രേഷ്ഠകാര്യങ്ങള്‍ വര്‍ണ്ണിക്കുന്നിടത്തു നിന്ന് ആരംഭിച്ച് നല്ല കാര്യങ്ങള്‍ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കണം.

യുദ്ധം, കലഹം, മരണം തുടങ്ങിയവ വര്‍ണ്ണിക്കുന്നിടത്തു നിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിര്‍ത്തുന്നതാണ് ഉത്തമം. നിത്യപാരായണം ചെയ്യുമ്പോള്‍ യുദ്ധകാണ്ഡത്തിന്റെ അവസാനഭാഗത്തു നല്‍കിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്തു വേണം വായന നിർത്താൻ.

ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ മൂന്നു സന്ധ്യകളിലും രാമായണം വായിക്കാൻ പാടില്ല എന്നാണ് വിശ്വാസം. ശ്രീരാമ ഭക്തനായ ഹനുമാന്‍ രാമനാമം എവിടെ ഉച്ചരിച്ച് കേട്ടാലും അവിടെ എത്തുമെന്നതിനാല്‍ സന്ധ്യാസമയങ്ങളില്‍ രാമായണ പാരായണം അദ്ദേഹത്തിന്‍റെ സന്ധ്യാവന്ദനം മുടക്കുമെന്ന വിശ്വാസമാണ് ഇതിന് പിന്നിൽ.

കർക്കടക മാസത്തിൽ മുഴുവൻ ദിവസവും രാമായണ പാരായണത്തിന് കഴിയാത്തവർ ഒറ്റ ദിവസം കൊണ്ടോ മൂന്ന് ദിവസം കൊണ്ടോ അഞ്ചു ദിവസം കൊണ്ടോ അല്ലെങ്കിൽ ഏഴ് ദിവസം കൊണ്ടോ രാമായണം പാരായണം ചെയ്ത് തീർക്കേണ്ടതാണ്.

രാവിലെ കിഴക്കോട്ടോ വടക്കോട്ടോ വൈകുന്നേരങ്ങളിൽ പടിഞ്ഞാറോട്ടോ വടക്കോട്ടോ അല്ലാത്തസമയങ്ങളിൽ വടക്കോട്ടോ ചമ്രം പടിഞ്ഞു നിലത്തിരുന്നു വേണം പാരായണം ചെയ്യാൻ.

ശ്രീരാമന്റെ ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള പൂർവരാമായണമാണ് പാരായണം ചെയ്യേണ്ടത് ഉത്തരരാമായണം സാധാരണയായി വായിക്കാറില്ല.ഓരോദിവസവും വായന ആരംഭിക്കുന്നതിനു മുൻപായി ഗണപതി വന്ദനത്തോടൊപ്പം ബാലകാണ്ഡത്തിലെ ശ്രീ രാമ രാമാ രാമാ ശ്രീ രാമചന്ദ്ര ജയ…

എന്ന് തുടങ്ങുന്ന പതിനാലു വരികൾ ചൊല്ലണം. യുദ്ധകാണ്ഡം അവസാന ഭാഗത്തുള്ള രാമായണമാഹാത്മ്യം വായിച്ചുവേണം നിത്യപാരായണം അവസാനിപ്പിക്കാൻ.