കേരളത്തിലെ ബിജെപിയിൽ തമ്മിലടിയെന്ന് സംസ്ഥാന പഠന ശിബിരത്തിൽ വിമർശനം

single-img
17 July 2022

കേരളത്തിലെ ബിജെപിയിൽ തമ്മിലടിയെന്ന് സംസ്ഥാന പഠന ശിബിരത്തിൽ വിമർശനം. കേരളത്തിലെ പാർടിയുടെ വളർച്ചയ്‌ക്ക്‌ പ്രധാന തടസം ഗ്രൂപ്പിസമാണെന്നും, ചില സംസ്ഥാന നേതാക്കൾ സ്വന്തം താൽപ്പര്യമനുസരിച്ച്‌ പാർടിയിൽ സ്വാധീനമുറപ്പിക്കുന്നതിനാൽ അണികളെ ഒപ്പം നിർത്താനാകുന്നില്ല എന്നും വിമർശനം ഉയർന്നു. അഹല്യ ക്യാമ്പസിൽ മൂന്ന്‌ ദിവസമായി നടക്കുന്ന ബിജെപി സംസ്ഥാന പഠന ശിബിരത്തിലാണ്‌ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശം ഉയർന്നത്‌.

കേരളത്തിൽ ബിജെപിക്ക്‌ 10 മുതൽ 15 ശതമാനം വരെ വോട്ടുണ്ട്‌. പാർട്ടിയിലെ ഗ്രൂപ്പിസം കാരണം ദളിതരെയും ക്രൈസ്‌തവരെയും ആദിവാസികളെയും ഒപ്പം നിർത്താനുള്ള നീക്കം വിജയിച്ചില്ല. ഗ്രൂപ്പിസവും അഴിമതിയും ബിജെപി സംസ്ഥാന ഘടകത്തെ തളർത്തി. പണത്തിനോടും അധികാരത്തിനോടും ആർത്തിമൂത്ത നേതാക്കൾ സംസ്ഥന ബിജെപിക്ക് തലവേദനയാണ്‌. ഈ സാഹചര്യത്തിൽ അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടം പ്രതീക്ഷിക്കണ്ടെന്ന്‌ സംഘടനാറിപ്പോർട്ടിൽ പറയുന്നു. പാർടിക്ക്‌ വോട്ട്‌ വിഹിതം കുറയുകയാണ്‌. ലോക്‌സഭ തെരഞ്ഞെടുപ്പോടെ കോൺഗ്രസ്‌ തകരും. എന്നാൽ, അത്‌ മുതലാക്കാൻ കേരളത്തിലെ നേതൃത്വത്തിന്‌ ത്രാണിയില്ല.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദളിത്‌ സ്ഥാനാർഥിയെ നിർത്തുന്നത്‌ നേട്ടമാണ്‌. ഇതിന്റെ ചുവടുപിടിച്ച്‌ കേരളത്തിലെ ആദിവാസി, ദളിത്‌ കോളനികൾ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കണം. ഇവിടങ്ങളിൽ സംസ്ഥാന സർക്കാരിനും സിപിഐ എമ്മിനും എതിരായി പ്രചാരണം നടത്തണമെന്നും നിർദേശിച്ചു. ക്രൈസ്‌തവരെ ഒപ്പം നിർത്താൻ കേന്ദ്രസർക്കാരും അഖിലേന്ത്യാ നേതൃത്വവും എടുക്കുന്ന പ്രവർത്തനങ്ങൾക്ക്‌ സംസ്ഥാന നേതൃത്വം വേണ്ടത്ര പിന്തുണനൽകുന്നില്ല എന്നും ശിബിരത്തിൽ വിമർശനം ഉയർന്നു.

ദളിതരുടെയും ക്രൈസ്‌തവരുടെയും പിന്തുണകൂടി ഉറപ്പിച്ചാലെ പ്രധാന പ്രതിപക്ഷമാകാനാകൂ. കോൺഗ്രസിൽനിന്ന്‌ നേതാക്കൾ ഇടതുപക്ഷത്തേക്ക്‌ പോകുന്നത്‌ സംസ്ഥാന ബിജെപിയുടെ പിടിപ്പുകേട്‌ കൊണ്ടാണ്‌. കേന്ദ്രമന്ത്രിമാർ എല്ലാ മാസവും എല്ലാ ജില്ലയും സന്ദർശിക്കും. ഇത്‌ പൂർണമായും സംസ്ഥാന സർക്കാരിനെതിരായ പ്രചാരണമായി മാറ്റണമെന്നും പഠനശിബിരത്തിലെ സംഘടനാ ക്ലാസിൽ നിർദേശമുണ്ടായി.