ശ്രീലങ്ക അടക്കി ഭരിച്ചിരുന്ന രജപക്‌സെ കുടുംബത്തിന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി

single-img
16 July 2022

കൊളംബോ: ശ്രീലങ്ക അടക്കി ഭരിച്ചിരുന്ന രജപക്‌സെ കുടുംബത്തിന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി. മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സ, സഹോദരനും മുന്‍ ധനമന്ത്രിയുമായ ബാസില്‍ രജപക്‌സ എന്നിവരെ ശ്രീലങ്ക വിടുന്നതില്‍ നിന്നും സുപ്രീം കോടതി വിലക്കി.

രാജിവെച്ച ശ്രീലങ്കന്‍ പ്രസിഡണ്ട് ഗൊതബായ രജപക്‌സയുടെ സഹോദരന്മാര്‍ കൂടിയാണ് ഇരുവരും. ഗൊതബായ രജപകസ ജനകീയ പ്രതിഷേധത്തിന് പിന്നാലെ രാജ്യം വിട്ടിരുന്നു. ശ്രീലങ്കയില്‍ നിന്നും ആദ്യം മാലിദ്വീപിലേക്ക് പോയ രജപക്‌സ അവിടെ നിന്ന് സിംഗപ്പൂരിലേക്ക് കടന്നു.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് മഹിന്ദ രജപക്‌സ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. ഗൊതബായ രജപക്‌സെയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചവരെ പ്രധാനമന്ത്രിയുടെ അണികള്‍ ആക്രമിച്ചതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു രാജി. രാജ്യത്തിന്റെ സാമ്ബത്തിക തകര്‍ച്ച അടക്കമുളള വിഷയങ്ങളില്‍ പ്രതിഷേധം കനത്തതോടെ നില്‍ക്കക്കള്ളിയില്ലാതെയാണ് ഗൊതബായ രാജപക്‌സെ രാജ്യം വിട്ടതും പ്രസിഡണ്ട് സ്ഥാനം രാജി വെച്ചതും..

ഗൊതബായ രാജപക്‌സെ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചതായി സ്പീക്കര്‍ മഹിന്ദ യാപ അഭേയ്വര്‍ദന മാധ്യമങ്ങളെ അറിയിച്ചു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ആണ് നിലവില്‍ ശ്രീലങ്കയുടെ താല്‍ക്കാലിക പ്രസിഡണ്ട് പദവി വഹിക്കുന്നത്. ജൂലൈ 20ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് ഔദ്യോഗികമായി പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കും. ദിവസങ്ങളായി ശ്രീലങ്കയില്‍ പ്രക്ഷോഭം കൊടുമ്ബിരി കൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാര്‍ പ്രസിഡണ്ടിന്റെയും പ്രധാനമന്ത്രിയുടേയും വസതികള്‍ കയ്യേറുക വരെയുണ്ടായി. ഇന്ന് പ്രക്ഷോഭകാരികള്‍ പ്രസിഡണ്ടിന്റെ കൊട്ടാരം സര്‍ക്കാരിനെ തിരിച്ചേല്‍പ്പിച്ചു. രാജ്യത്ത് കര്‍ശനമായ ക്രമസമാധാനം ഉറപ്പാക്കുമെന്ന് ആക്ടിംഗ് പ്രസിഡണ്ട് വിക്രമസിംഗെ പറഞ്ഞു.