പഞ്ചാബിലെ ലുധിയാനയില്‍ 15 കാരനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നു

single-img
16 July 2022

ലുധിയാന : പഞ്ചാബിലെ ലുധിയാനയില്‍ സിവില്‍ ആശുപത്രിയില്‍ 15 കാരനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നു. 15 പേരടങ്ങുന്ന ഒരു സംഘം അക്രമികള്‍ ആശുപ​ത്രിയിലേക്ക് ഇരച്ചുകയറിയാണ് അതിക്രമം നടത്തിയത്.

വാളും കോടാലികളുമായി എത്തിയ സംഘം 15 കാരനായ സാവന്‍ കുമാറിനെ അക്രമിക്കുകയായിരുന്നു.

ഡോക്ടര്‍മാരും നഴ്സുമാരും മറ്റുരോഗികളുമടക്കം നോക്കി നില്‍ക്കെയാണ് സാവന്‍ കുമാറിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയതെന്ന് എഫ്.ഐ.ആര്‍ പറയുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ലുധിയാനയിലെ ഇ.ഡബ്ല്യു.എസ് കോളനി സ്വദേശിയാണ് സാവന്‍. തെരുവില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഇടക്കിടെ സംഘര്‍ഷമുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസവും സംഘര്‍ഷമുണ്ടാവുകയും അതില്‍ സാവനിന്റെ സഹോദരന്‍ സുമിതിന് കുപ്പികൊണ്ട് തലക്കടിയേല്‍ക്കുകയും ചെയ്തിരുന്നു. സുമിതിന്റെ ചികിത്സക്ക് വേണ്ടിയാണ് ബന്ധു രാജ്‍വീറിനൊപ്പം സാവന്‍ ആശുപത്രിയില്‍ എത്തിയത്.

സുമിത് അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേട​ുമ്ബോള്‍ സാവന്‍ പുറത്തിരിക്കുകയായിരുന്നു. ആ സമയമാണ് അക്രമികള്‍ എത്തിയതെന്ന് രാജ്‍വീര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അക്രമികള്‍ സാവനെ ചുറ്റി നിന്നു. തുടര്‍ന്ന് അവര്‍ വാളുകൊണ്ടും മഴുകൊണ്ടും സാവനെ വെട്ടി. അവന്‍ അവിടെനിന്ന് ഓടിപ്പോയി വാര്‍ഡിനകത്തു കയറി വാതിലടച്ചു. എന്നാല്‍ അക്രമികള്‍ പിന്തുടര്‍ന്ന് വന്ന് വാതിലുകളും ജനലകളും തകര്‍ത്ത് സാവനെ വെട്ടി. സാവന് കഴുത്തിലും തലയിലും ​കൈകളിലും ഗുരുതരമായി പരിക്കേറ്റു വെന്നും രാജ്‍വീര്‍ പൊലീസിനോട് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ സാവനെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിയില്‍ മരണപ്പെട്ടുവെന്ന് ഡോക്ടര്‍ പറഞ്ഞു.

സിവില്‍ ആശുപത്രി പരിസരത്ത് ലുധിയാന പൊലീസ് ഡ്യൂട്ടിയില്‍ ഉണ്ടാകാറുണ്ട്. അസിസ്റ്റന്റ് സബ് ഇന്‍സ്‍പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ഡ്യൂട്ടിയിലുണ്ടാകാറ്. എന്നാല്‍ സംഭവം നടക്കുമ്ബോള്‍ ആരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. അതെ കുറിച്ച്‌ അന്വേഷിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ കൗസ്തുഭ് ശര്‍മ പറഞ്ഞു.

സംഭവത്തില്‍ തിരിച്ചറിഞ്ഞ ഏഴ് പേര്‍ക്കും അജ്ഞാതരായ എട്ടുപേര്‍ക്കുമെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. വിശാല്‍, സാഹില്‍, അഭിഷേക്, അന്‍കുര്‍, മനു, സാഹില്‍ എന്ന സോര്‍പി, വികാസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. എല്ലാവരും ഇ.ഡബ്ല്യു.എസ് കോളനിയില്‍ നിന്നുള്ളവരാണ്.

ഇവര്‍ക്ക് സാവനോടും സഹോദരനോടും മുന്‍വൈരാഗ്യമുണ്ട്. ഇരു കൂട്ടരും ഇടക്കിടെ തര്‍ക്കമുണ്ടാകാറുണ്ടെന്നും പൊലീസ് പറഞ്ഞു. എല്ലാവരും 17നും 22 നും ഇടക്ക് പ്രായമുള്ളവരാണ്. അതേസമയം, അക്രമത്തെ കുറിച്ച്‌ ആശുപത്രിയിലുള്ളവരാരും അറിയിച്ചില്ലെന്നും പൊലീസ് പറഞ്ഞു.