ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിലും മുന്നിലെത്തി ഇന്ത്യന്‍ വംശജൻ റിഷി സുനാക്

single-img
15 July 2022

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിലും മുന്നിലെത്തി ഇന്ത്യന്‍ വംശജനായ റിഷി സുനാക്.

ബോറിസ് ജോണ്‍സന് ശേഷം പ്രധാനമന്ത്രിയാകാനുള്ള സാധ്യതയാണ് ഇതോടെ റിഷി സുനാക് വര്‍ധിപ്പിച്ചത്. 101 വോട്ടുകള്‍ അദ്ദേഹം നേടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് വന്‍ പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇതോടെ വെറും അഞ്ച് സ്ഥാനാര്‍ത്ഥികള്‍ മാത്രമായി. സുവെല്ല ബ്രാവര്‍മാനാണ് പുറത്തായത്. ഇവര്‍ക്ക് ആകെ കിട്ടിയത് 27 വോട്ടാണ്.30 വോട്ടുകള്‍ മിനിമം കിട്ടിയാലേ അടുത്ത റൗണ്ടിലേക്ക് പോകാനാവൂ.

മറ്റൊരു എംപി ടോം ടുഗന്‍ദട്ട് 32 വോട്ട് നേടി. കെമി ബഡേനോച്ചിന് 49 വോട്ടുകളും ലഭിച്ചു. അടുത്ത ഏതാനും റൗണ്ടുകള്‍ പലര്‍ക്കും അതുപോലെ നിര്‍ണായകമാണ്. വ്യാപാര വകുപ്പ് മന്ത്രിയും ഫേവറിറ്റുമായ പെന്നി മോര്‍ഡോണ്ടിന് 83 വോട്ടുകള്‍ ലഭിച്ചു. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സിന് 64 വോട്ടുകളാണ് ലഭിച്ചത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എംപിമാരില്‍ നിന്ന് വമ്ബന്‍ പിന്തുണയാണ് ആദ്യ റൗണ്ട് വോട്ടിംഗില്‍ റിഷി സുനാകിന് ലഭിച്ചത്. റിഷി സുനാക് നേരത്തെ ധനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ഇതാണ് ബോറിസ് ജോണ്‍സന്റെ രാജിയിലേക്ക് നയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 88 പേരുടെ പിന്തുണയാണ് ഇതിലൂടെ ലഭിച്ചത്.

രണ്ട് പേര്‍ മാത്രം മത്സര രംഗത്ത് ശേഷിക്കും വരെ പല ഘട്ടങ്ങളായി എംപിമാര്‍ക്ക് ഇടയില്‍ വോട്ടെടുപ്പ് നടക്കും. ഓരോ ഘട്ടത്തിലും ഏറ്റവും കുറവ് വോട്ട് ലഭിച്ചവര്‍ പുറത്താവും. ജൂലായ് 21നാണ് ഈ ദീര്‍ഘമായ വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കും. അവസാന റൗണ്ടില്‍ എത്തുന്ന രണ്ട് പേരില്‍ ആരാകും പ്രധാനമന്ത്രി എന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കും.

രണ്ട് ലക്ഷത്തോളം വരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ ചേര്‍ന്നാണ് ഇത് തീരുമാനിക്കുക. നേരത്തെ സാംസ്‌കാരിക മന്ത്രി നദീന്‍ ഡോറീസ് സുനാക്കിനെതിരെ രംഗത്ത് വന്നിരുന്നു. വൃത്തിക്കെട്ട തന്ത്രങ്ങളാണ് സുനാക്ക് പ്രയോഗിക്കുന്നതെന്ന് ഡോറീസ് ആരോപിച്ചു.