വിവാദ പരാമർശം; മാപ്പുപറയേണ്ടതില്ല’: എ വിജയരാഘവൻ

single-img
15 July 2022

കെ കെ രമക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ എംഎം മണിയെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവൻ. എം എം മണി നിയമസഭയിൽ നടത്തിയ പരാമർശത്തിൽ തെറ്റില്ലെന്നും അതുകൊണ്ടു തന്നെ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നുമാണ് വിജയരാഘവൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.

മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് സിപിഎം നേതാവിന്റെ പ്രതികരണം. എന്നാൽ പരാമര്‍ശം ഒഴുവാക്കേണ്ടതായിരുന്നു എന്നാണു സി പി ഐ നേതാവായ ബിനോയ് വിശ്വം പറഞ്ഞത്. കെ.കെ രമക്കെതിരായ പദപ്രയോഗം എം എം മണിക്ക് ഒഴിവാക്കാമായിരുന്നു. പദവി പരിഗണിച്ചെങ്കിലും മണിക്ക് അത് ചെയ്യാമായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

നേരത്തെ കെ.കെ.രമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് എം.എം.മണിയും പറഞ്ഞിരുന്നു. വിധവയായത് അവരുടെ വിധി എന്ന് പറഞ്ഞതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.