നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

single-img
15 July 2022

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
അയത്നലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായത്‌.

സംവിധായകന്‍ എന്ന നിലയിലും നിര്‍മാണ രംഗത്തെ സംഭാവന കൊണ്ടും തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇടക്കാലത്ത് ചലച്ചിത്ര രംഗത്തുനിന്ന് വിട്ടുനിന്നപ്പോഴും ആസ്വാദക മനസ്സുകളില്‍ പ്രതാപിന്റെ സ്ഥാനം മങ്ങിയില്ല. മലയാള ചലച്ചിത്രത്തിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ പ്രതാപ് സഞ്ചരിച്ചു.

തകര അടക്കമുള്ള ചിത്രങ്ങളിലെ തനിമയാര്‍ന്ന വേഷങ്ങള്‍ തലമുറയില്‍ നിന്ന് തലമുറകളിലേക്ക് പകരുന്ന അനുഭവം തന്നെയാണ്.
വ്യത്യസ്ത ഘട്ടങ്ങളില്‍ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ ശരിയായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.
തന്‍റെ അവസാനകാലത്തും ഊര്‍ജസ്വലതയോടെ സിനിമാരംഗത്ത് സജീവമായി തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതാപ് പോത്തന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നവര്‍ക്കൊപ്പം പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

പ്രതാപ് പോത്തനെ ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടനും സം‌വിധായകനും രചയിതാവും നിര്‍മ്മാതാവുമായിരുന്ന പ്രതാപ് പോത്തന്‍ മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

പ്രമുഖ നടി രാധിക ശരത് കുമാര്‍ മുന്‍ ഭാര്യ ആയിരുന്നു. 1952ല്‍ തിരുവനന്തപുരത്തെ ഒരു വ്യവസായ കുടുംബത്തിലാണ്‌ പ്രതാപ് പോത്തന്റെ ജനനം. മലയാളം,തമിഴ്,കന്നട,തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുങ്കില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങള്‍ പ്രതാപ് പോത്തന്‍ സം‌വിധാനം ചെയ്തിട്ടുണ്ട്.

മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതന്‍‌ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം സിവപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി.