സർക്കാർ ആശുപത്രികളിൽ കുട്ടികളുടെ സിറപ്പുപോലും കിട്ടാനില്ല

single-img
14 July 2022

സംസ്ഥാനത്തു പനിയുൾപ്പടെയുള്ള മഴക്കാല രോഗങ്ങൾ പടർന്നു പിടിക്കുമ്പോൾ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷം. പാരസെറ്റാമോൾ, അമോക്സിലിൻ സിറപ്പുകൾ, ഉൾപ്പടെ കുട്ടികൾക്കുള്ള ചുമയുടെ മരുന്ന് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. കുട്ടികൾക്കുള്ള സിറപ്പുകൾക്ക് ക്ഷാമംതുടങ്ങിയിട്ട് രണ്ടുമാസത്തോളമായി. കൊളസ്ട്രോൾ, പ്രമേഹം എന്നിവയുടെ മരുന്നുകൾക്കും കടുത്ത ക്ഷാമമുണ്ട്.

സർക്കാർ ആശുപത്രികളിലേക്കും കാരുണ്യ ഫാർമസിയിലേക്കും മരുന്നുകൾ വാങ്ങുന്ന കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ ടെൻഡർ നടപടികൾ അനിശ്ചിതമായി നീളുന്നതാണ് മരുന്നുക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നു.

സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജ് ആശുപത്രികളിലും മരുന്ന് വിതരണത്തിനും ലഭ്യത ഉറപ്പാക്കാനും പ്രത്യേക സംവിധാനം ഒരുക്കിയതായി ഇന്നലെ മന്ത്രി വീണാ ജോർജ് നിയമസഭയിൽ.

ആശുപത്രികൾ ആവശ്യപ്പെട്ടതിനെക്കാൾ പാരസെറ്റമോൾ, സിറപ്പുകൾ തുടങ്ങിയവ മരുന്ന് സംഭരണ ശാലകളിൽ നിന്ന് രണ്ടു ദിവസത്തിനകം എത്തിക്കും എന്നും, അടുത്ത വർഷം മുതൽ മരുന്നു സംഭരണവും വിതരണവും കാര്യക്ഷമമാക്കാൻ കലണ്ടർ തയാറാക്കും എന്നും മന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. കൂടാതെ മരുന്ന് പൂർണമായി തീർന്നിട്ട് ഓർഡർ നൽകുന്നതിനു പകരം നിശ്ചിത ശതമാനം മരുന്നുകൾ തീർന്നാലുടൻ അടുത്തത് ഓർഡർ ചെയ്യുന്ന സംവിധാനം നടപ്പാക്കും എന്നും വീണ ജോർജ് പറഞ്ഞു.