എന്താണ് നാലമ്പല ദർശനം; എവിടെയൊക്കെയാണ് നാലമ്പലങ്ങൾ ഉള്ളത് എന്നൊക്കെ നമുക്കൊന്ന് നോക്കാം

single-img
14 July 2022

കർക്കടകം ഇങ്ങെത്താറായി, നാടെങ്ങും നാലമ്പല ദർശനത്തിനായുള്ള തയ്യാറെടുപ്പുകളിലുമാണ്. എന്താണ് നാലമ്പല ദർശനം; എവിടെയൊക്കെയാണ് നാലമ്പലങ്ങൾ ഉള്ളത് എന്നൊക്കെ നമുക്കൊന്ന് നോക്കാം…

കര്‍ക്കടകത്തിന്‍റെ പുണ്യനാളുകളില്‍ ദശരഥ പുത്രന്മാരായ ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്‌നൻ എന്നിവരുടെ ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്ന ആചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരില്‍ പ്രശസ്തമായിട്ടുള്ളത്. നാലമ്പല ദർശനത്തിലൂടെ കർക്കടക മാസത്തിലെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാവും എന്നാണ് കരുതുന്നത്. രാമായണ്ം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണ് നാലമ്പല ദർശനത്തെ കണക്കാക്കുന്നത്.

നാലിടത്തായി നാലമ്പല ദർശനമുണ്ട്. തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിലാണ് നാലമ്പല ദർശനത്തിന് സൗകര്യമുള്ളത്.

തൃശൂര്‍

തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് തൃശൂര്‍ നാലമ്പല യാത്രയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ.

കോട്ടയം

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് കോട്ടയം ജില്ലയിലെ നാലമ്പലങ്ങൾ.

എറണാകുളം

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് എറണാകുളത്തെ നാലമ്പലങ്ങള്‍.

മലപ്പുറം

രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂർ ചൊവ്വണയിൽ ഭരത ക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണ ക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയിൽ ശത്രുഘ്ന ക്ഷേത്രം- എന്നിവയാണ് മലപ്പുറത്തെ നാലമ്പല ക്ഷേത്രങ്ങൾ.

ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ ക്രമത്തിൽ ഒരേ ദിവസം തന്നെ വേണം ദർശനം നടത്തേണ്ടത്. ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്ന വിധത്തിൽ ദര്‍ശനം നടത്തുന്നത് ദോഷ പരിഹാരത്തിനും ഇഷ്ടസന്താന ലബ്ദിക്കും ഉത്തമമാണെന്നാണ് വിശ്വാസം.

കർക്കടകം ഒന്നിന് (ജൂലായ് 17) ആരംഭിക്കുന്ന നാലമ്പദർശനത്തിന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകളും (DTPC) കെഎസ്ആര്‍ടിസിയും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തൃശൂർ ഡിടിപിസി യുടെ നാലമ്പല ദർശനം രാവിലെ 5.30-ന് തൃശ്ശൂരിൽനിന്നാരംഭിച്ച് തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, തുടർന്ന് മൂഴിക്കുളം, പായമ്മൽ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ദർശനം നടത്തി ഉച്ചയോടെ തിരിച്ചെത്തുംവിധമാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചഭക്ഷണം, ഔഷധക്കഞ്ഞിക്കൂട്ട്, പഞ്ചാംഗം, സന്ധ്യാനാമപുസ്തകം എന്നിവ പാക്കേജിന്റെ ഭാഗമായി യാത്രക്കാർക്ക് നൽകും. ഗൈഡിന്റെ സഹായവും എ.സി. വാഹനവും ചേർന്നുള്ള പാക്കേജിന് 900 രൂപയാണ് ചാർജ് ഈടാക്കുന്നത്. അവധി ദിവസങ്ങളിലൊഴികെ രാവിലെ 10 മുതൽ അഞ്ചുവരെ വിളിച്ച് ബുക്ക് ചെയ്യാം. ഫോൺ: 0487 2320800.

സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും കെ.എസ്.ആര്‍.ടി.സി നാലമ്പല ദർശനത്തിനായി പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ജൂലായ് 17 മുതൽ ആഗസ്റ്റ് 16 വരെ അതിരാവിലെ മൂന്ന് മണിക്ക് ആരംഭിച്ച് ഉച്ച പൂജയ്ക്ക് മുൻപായി ദർശനം പൂർത്തിയാക്കുന്ന രീതിയിലാണ് തീർത്ഥാടന യാത്ര ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി തീര്‍ത്ഥാടന യാത്രയുടെ ഭാഗമാകുന്ന യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, ദര്‍ശനത്തിനായി പ്രത്യേക സൗകര്യവും ദേവസ്വം ബോർഡ് ക്രമീകരിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ നാലമ്പല തീർത്ഥാടനത്തിന് വേണ്ടി മുൻ കൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് വേണ്ടി ജില്ല തിരിച്ചുള്ള ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം 9188619368
കൊല്ലം 7012669689, 9496675635
പത്തനംതിട്ട 9744348037
ആലപ്പുഴ 9544258564, 9895505815, 8075034989
കോട്ടയം 8547832580, 9495876723
മുന്നാര്‍ 9446333131, 6282019884
എറണാകുളം 9846655449
തൃശൂര്‍ 9847851253, 9497382752
പാലക്കാട് 8304859018, 9947086128, 9249593579
മലപ്പുറം 9447203014, 9995090216,9400467115
കോഴിക്കോട് 9961439763, 9847570584
വയനാട് 7012820682, 8086490817
കണ്ണൂര്‍ 9744852870, 8089463675,9744262555