ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാരുമായുള്ള ചർച്ച ഇന്ന് ആരംഭിക്കും

single-img
14 July 2022

ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാരുമായുള്ള ചർച്ച ഇന്ന് ആരംഭിക്കും. കേരളത്തെ പ്രതിനിധീകരിച്ചു എ കെ ശശീന്ദ്രൻ ആണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ബഫർ സോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. ഇത് ഇന്ന് എ കെ ശശീന്ദ്രൻ കേന്ദ്രത്തോട് ആവശ്യപ്പെടും. വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരും മന്ത്രിക്കൊപ്പം ചർച്ചയിൽ പങ്കെടുക്കും.

ബഫർ സോണിൽ കേന്ദ്രത്തിന്‍റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേന്ദ്ര മന്ത്രിയിൽ നിന്ന് അനൂകൂല നീക്കമുണ്ടാകുമെന്നാണ് കരുതുന്നത്. കേന്ദ്രത്തിൽ നിന്ന് നിയമനടപടിയുണ്ടായില്ലെങ്കിൽ അടുത്ത നിലപാട് എടുക്കും എന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ ബഫർ സോൺ വിഷയത്തിൽ 2019 ലെ മന്ത്രിസഭ തീരുമാനം തിരുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് സംസ്ഥാന സർക്കാർ ഒരുങ്ങുകയാണ്. വനാതിർത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റർവരെ സംരക്ഷിത മേഖലയാക്കാമെന്ന മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞിരുന്നു. വിഷയത്തിൽ വ്യാപക ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം പുനഃപരിശോധിക്കുന്നത്. അതിനിടെ, വിഷയത്തിൽ ജനങ്ങളുടെ പരാതി കേൾക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നെയ്യാർ ഡാം മേഖലയിൽ സന്ദർശനം നടത്തിയിരുന്നു.