കർണാടകയിലെ ഹിജാബ് നിരോധനം; ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി

single-img
13 July 2022

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹർജികൾ മാർച്ച് കോടതിയിൽ എത്തിയതാണെന്നും ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിക്കുകയായിരുന്നു.

ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. നിലവിൽ സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഹര്‍ജികള്‍ അടുത്ത ആഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.

ഈ വർഷം മാര്‍ച്ച് 15-നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം.