ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നടുവില്‍ നിന്ന് രാജ്യം വിട്ട് ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രാജപക്സെ

single-img
13 July 2022

കൊളംബോ: ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നടുവില്‍ നിന്ന് രാജ്യം വിട്ട് ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രാജപക്സെ.

ഭാര്യ ലോമ രാജപക്സെയുമൊന്നിച്ച്‌ സൈനികവിമാനത്തില്‍ ഗോത്തബയ മാലിദ്വീപിലെത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോട്ടബയയുടെ ഭാര്യയും അംഗരക്ഷകരും ഉള്‍പ്പെടെ നാലു പേരാണ് മാലിദ്വീപില്‍ എത്തിയത്. ഇന്നലെ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രസിഡന്റിനെ തടഞ്ഞു വച്ചിരുന്നു. ഇതോടെ തനിക്കും കുടുംബത്തിനും സുരക്ഷിതമായി രാജ്യം വിടാനുള്ള സാഹചര്യം ഒരുക്കാതെ രാജിവയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാലിദ്വീപില്‍ നിന്ന് അദ്ദേഹം ദുബായിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. അതീവ ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിനെതിരെ കലാപത്തിന് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. ഇതിനിടെയാണ് ദുബായില്‍ സുഖജീവിതം മോഹിച്ച്‌ പ്രസിഡന്റ് രാജ്യം വിടുന്നത്.

അന്റോനോവ്-32 സൈനിക വിമാനത്തില്‍ ഭാര്യയ്ക്കും അംഗരക്ഷകര്‍ക്കുമൊപ്പമാണ് അദ്ദേഹം രാജ്യം വിട്ടതെന്ന് ഇമിഗ്രേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു വാണിജ്യ വിമാനത്തില്‍ ദുബായിലേക്ക് പോകാനാണ് അദ്ദേഹം തീരുമാനിച്ചത്. എന്നാല്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ വിഐപി സേവനങ്ങള്‍ അദ്ദേഹത്തിന് അനുവദിച്ചില്ല. ബുധനാഴ്ച രാജിവയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ തീര്‍ത്തും അപ്രതീക്ഷിതമായാണ് രാജപക്‌സെ രാജിക്കായി ഉപാധി മുന്നോട്ടുവച്ചത്. ഇതുമായി ബന്ധപ്പെട്ട് ഗോട്ടബയ രാജപക്‌സെ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചയിലാണെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് രാജ്യം മുഴുവന്‍ പ്രക്ഷോഭം നടക്കുമ്ബോഴാണ് പുതിയ ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയത്. അവസാനം ഇത് അംഗീകരിച്ചു. അങ്ങനെയാണ് മാലിദ്വീപിലേക്ക് യാത്ര സാധ്യമായത്.

ഗോട്ടബയയുടെ വിമാനം ഇറങ്ങാന്‍ ആദ്യം മാലിദ്വീപില്‍ അനുമതി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് മാലിദ്വീപ് ഭരണകൂടം ഇടപെട്ടാണ് അനുമതി നല്‍കിയത്. ഗോട്ടബയ ബുധനാഴ്ച പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് സ്പീക്കര്‍ കഴിഞ്ഞ ദിവസം രാജ്യത്തെ അറിയിച്ചിരുന്നു. ആയിരക്കണക്കിനു പ്രക്ഷോഭകര്‍ കൊളംബോയില്‍ സംഘടിച്ചെത്തി പ്രസിഡന്റിന്റെ വസതി കയ്യടക്കുകയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ വസതി തീയിട്ട് നശിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് ബുധനാഴ്ച രാജിയെന്ന തീരുമാനം സ്പീക്കര്‍ പരസ്യമാക്കിയത്. ഇതിനിടെയാണ് തനിക്കും കുടുംബത്തിനും സുരക്ഷിതമായി രാജ്യം വിടാനുള്ള വഴിയൊരുക്കിയെങ്കിലേ രാജിയുള്ളൂ എന്ന നിലപാട് ഗോട്ടബയ എടുത്തു.

രാജ്യത്ത് പ്രതിഷേധം കൊടുമ്ബിരിക്കൊണ്ടിരിക്കെ ദുബായിലേക്കു കടക്കാന്‍ ശ്രമിച്ച മുന്‍ ധനമന്ത്രിയും ഗോട്ടബയ രാജപക്‌സെയുടെ സഹോദരനുമായ ബേസില്‍ രാജപക്സെയെ ചൊവ്വാഴ്ച വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ കൊളംബോ രാജ്യാന്തര വിമാനത്താവളത്തിലെ വിഐപി ടെര്‍മിനല്‍ വഴി രാജ്യംവിടാന്‍ ശ്രമിക്കുന്നതിനിടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ബേസിലിനെ തടഞ്ഞത്. പുലര്‍ച്ചെ 12.15ന് ചെക്ക്-ഇന്‍ കൗണ്ടറിലെത്തിയ ബേസില്‍, 3.15 വരെ അവിടെയുണ്ടായിരുന്നു. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞതോടെ യാത്രാനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ബേസിലിനു മടങ്ങി പോകേണ്ടി വന്നു.

ഈ സംഭവം കൂടി പരിഗണിച്ചാണ് സുരക്ഷിതമായി രാജ്യം വിടാന്‍ വഴിയൊരുക്കിയാല്‍ മാത്രമേ രാജി വയ്ക്കൂവെന്ന് ഗോട്ടബയ നിലപാടെടുക്കുന്നതെന്നു കരുതുന്നു. രാജ്യം വിടുന്നതിനായി വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനും നേരത്തെ യാത്രാനുമതി നിഷേധിച്ചിരുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഐപി ടെര്‍മിനല്‍ വഴി പോകാനുള്ള നീക്കമാണ് എമിഗ്രേഷന്‍ വിഭാഗം തടഞ്ഞത്.

യുഎഇയിലേക്കുള്ള വിമാനത്തില്‍ പോകാന്‍ സാധിക്കാതിരുന്നതോടെ വിമാനത്താവളത്തിനു സമീപമുള്ള സൈനിക താവളത്തില്‍ പ്രസിഡന്റും ഭാര്യയും രാത്രി ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിഐപി ക്യൂ ഉപയോഗിച്ച്‌ രജപക്സെയുടെയും കുടുംബാംഗങ്ങളുടേയും പാസ്പോര്‍ട്ട് സ്റ്റാമ്ബ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇമിഗ്രേഷന്‍ ജീവനക്കാര്‍ തടഞ്ഞു. പൊതുജനങ്ങളുടെ പ്രതിഷേധം ഭയന്ന് സാധാരണ ക്യൂ ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല.

ഇത്തരത്തില്‍ യുഎഇയിലേക്കുള്ള നാല് വിമാനങ്ങളില്‍ കയറികൂടാനുള്ള രാജപക്സെയുടെ ശ്രമങ്ങള്‍ വിമാനത്താവള ജീവനക്കാര്‍ തടഞ്ഞുവെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി മുഴുവന്‍ രജപക്സെയും അദ്ദേഹത്തിന്റെ ഭാര്യയും ഒരു ഡസനോളം വരുന്ന കുടുംബാംഗങ്ങളും വിമാനത്താവളത്തിന് സമീപത്തുള്ള ഒരു കേന്ദ്രത്തില്‍ തങ്ങി. പ്രാദേശിക സമയം 6.25 ന് ദുബായിലേക്ക് പുറപ്പെടുന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനായിരുന്നു രജപക്സെയും കുടുംബവും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. 15 പാസ്പോര്‍ട്ടുകളുമായി അദ്ദേഹത്തിന്റെ സഹായികള്‍ തിങ്കളാഴ്ച വിമാനത്താവളത്തിലെത്തി.

പരിശോധനകള്‍ക്ക് നേരിട്ട് ഹാജരാകാത്തത് മൂലം പ്രസിഡന്റിന്റെ സഹായികള്‍ നല്‍കിയ പാസ്‌പോര്‍ട്ടുകള്‍ പ്രോസസ്സ് ചെയ്യാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. ഒടുവില്‍, പ്രസിഡന്റിനെയും കുടുംബത്തെയും കയറ്റാതെ വിമാനം പുറപ്പെട്ടു. തുടര്‍ന്ന് 9.20-ന് കൊളംബോയില്‍ നിന്ന് അബുദാബിയിലേക്ക് പോകേണ്ട ഇത്തിഹാദ് വിമാനത്തിലും കയറികൂടാന്‍ രജപക്സെയും കുടുംബവും ശ്രമം നടത്തി. സമാനമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആ വിമാനവും നഷ്ടമായി. തുടര്‍ന്ന് മറ്റു രണ്ടു ശ്രമങ്ങളും സമാനമായി തന്നെ പരാജയപ്പെട്ടു. ഈ സമയത്തെല്ലാം വിമാനത്താവളത്തിനടുത്തുള്ള ഒരു ലോഞ്ചില്‍ തങ്ങുകയായിരുന്നു ഇവര്‍.

ശനിയാഴ്ച പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ഇരച്ചു കയറുന്നതിന് തൊട്ടുമുമ്ബ്, രാജപക്‌സെ നാവികസേനയുടെ ബോട്ട് ഉപയോഗിച്ച്‌ വടക്കുകിഴക്കന്‍ തുറമുഖ നഗരമായ ട്രിങ്കോമാലിയിലേക്ക് പലായനം ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ഗോത്തബയ രാജ്യം വിട്ടതോടെ പുതിയ ശ്രീലങ്കന്‍ പ്രസിഡന്‍റ് ആരാകുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിര്‍ദേശം ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്തി. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഗോത്തബയ രാജി നല്‍കാതെ കൊട്ടാരം വിടില്ലെന്ന തീരുമാനത്തിലാണ് പ്രക്ഷോഭകാരികള്‍.