മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമം ഉപദേശം തേടി

single-img
13 July 2022

നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെ സഹായിക്കാൻ രംഗത്തുവന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി. തൃശ്ശൂർ റൂറൽ പോലീസ് മേധാവിയാണ് ഇത് സംബന്ധിച്ച് നിയമപദേശം തേടിയത്.

സിനിമാമേഖലയിലെ നിരവധി സ്‌ത്രീകളെ പള്‍സര്‍ സുനി ബ്ലാക്ക്മെയില്‍ ചെയ്‌ത്‌ പീഡിപ്പിച്ച കാര്യം അറിഞ്ഞിട്ടും പ്രതിയെ പിടിക്കാനോ മറ്റു നിയമ നടപടികൾ സ്വീകരിക്കാനോ തയ്യാറാകാത്തതിനെതിരെ പ്രൊഫ. കുസുമം ജോസഫ് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് പോലീസ് നിയമോപദേശം തേടിയത്.

ഉന്നത പദവിയിലിരുന്ന ഒരാൾക്ക് കുറ്റകൃത്യങ്ങളെ കുറിച്ച് നേരിട്ട് അറിവുണ്ടായിട്ടും നിയമം നടപടികൾ സ്വീകരിക്കാതിരുന്നത് ഗുരുതരമായ വീഴ്‌ചയാണ്‌ എന്നാണു പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അതുപോലെതന്നെ പരാതിക്കാരി നേരിട്ട് കോടതി സമീപിച്ചാൽ, കോടതി കേസെടുക്കാനുള്ള നിർദ്ദേശം നൽകാനും ഇടയുണ്ട്. ഈ പ്രത്യേക സാഹചര്യം കൂടെ കണക്കിലെടുത്താണ് നിയമപദേശം തേടിയത് .

വിവാദ വീഡിയോ പലതലങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. കോടതി അലക്ഷ്യ പരാമർശം വീഡിയോയിൽ ഇല്ല എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ സിനിമ മേഖലയിലെ നിരവധി സ്ത്രീകളെ പൾസർ സുനിൽ ലൈംഗികമായി പീഡിപ്പിക്കുകയും ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുകയും ചെയ്തു എന്ന് പരാതി പല നടിമാരും തന്നോട് പറഞ്ഞതായി അവകാശപ്പെട്ടിരുന്നു. ഉന്നത പദവിയിൽ ഇരുന്ന ഒരാൾ ക്രൈമിനെ കുറിച്ച് നേരിട്ട് അറിവുണ്ടായിട്ടും ഒരുതരത്തിലുള്ള നിയമം നടപടികളും സ്വീകരിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണ് എന്നാണ് പോലീസ് വിലയിരുത്തൽ.

അതെ സമയം നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെ അനുകൂലിച്ചുകൊണ്ടുള്ള മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവില്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം.