ബിക്കിനി ധരിച്ച് പുറത്തിറങ്ങിയാൽ പിഴചുമത്തും; ബിക്കിനിക്ക് നിരോധനവുമായി ഒരു ഇറ്റാലിയൻ റിസോർട്ട് നഗരം

single-img
13 July 2022

വിനോദ സഞ്ചാരികൾക്ക് ഉൾപ്പടെ ബിക്കിനി നിരോധിച്ച് ഇറ്റാലിയൻ റിസോർട്ട് നഗരമായ സൊറെന്റോ. ഇനിമുതൽ ബിക്കിനി ധരിച്ച് പുറത്തിറങ്ങുന്നവർക്ക് അഞ്ഞൂറു യൂറോ (ഏകദേശം നാൽപ്പതിനായിരം ഇന്ത്യൻ രൂപ) പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെയുള്ള പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് നഗരം ബിക്കിനി നിരോധിക്കാൻ തീരുമാനം കൈക്കൊണ്ടത് .’ആളുകൾ ബിക്കിനി ധരിക്കുന്നത് തദ്ദേശവാസികൾക്കും സന്ദർശകർക്കും അസ്വസ്ഥതയും പ്രയാസവുമുണ്ടാക്കുന്നുണ്ട്. കൂടുതൽ ആളുകളും ഇതിനെ മാന്യതയ്ക്ക് നിരക്കാത്തതായും പരിഷ്‌കൃത സഹവാസത്തിന്റെ സവിശേഷതകൾക്ക് എതിരായുമായാണ് കാണുന്നത്.’ – സൊറെന്റോ മേയർ മാസിമോ കൊപ്പോള പറഞ്ഞു.

ഇറ്റലിയിലെ നേപ്പിൾസ് കടലിടുക്കിനോട് അഭിമുഖമായി നിൽക്കുന്ന ദക്ഷിണപശ്ചിമ ഇറ്റാലിയൻ നഗരമാണ് സൊറെന്റോ. ബിക്കിനിക്ക് നിരോധനം ഏർപ്പെടുത്തുന്ന ആദ്യത്തെ നഗരമല്ല സൊറെന്റോ. നേരത്തെ സ്‌പെയിനിലെ ബാഴ്‌സലോണയിലും മയ്യോർക്കയിലും ചില അവധിക്കാല സന്ദർശക കേന്ദ്രങ്ങളിൽ ബിക്കിനി വിലക്കിയിരുന്നു.