സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

single-img
12 July 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡീഷ്ക്കും ആന്ധ്രപ്രദേശിനും മുകളിലായുള്ള ന്യൂനമര്‍ദ്ദവും, ഗുജറാത്ത്-കേരളാ തീരത്തെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ കനക്കാന്‍ കാരണം.

നാളെയോടെ മഴ വീണ്ടും കനക്കും. ബുധനാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസ‌ര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.