ബലി പെരുന്നാളിന് അവധി നൽകാത്തതിൽ പ്രതിഷേധവുമായി കെ പി ശശികല

single-img
12 July 2022

ബലി പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി നല്‍കാത്തതില്‍ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. ഭീകരതയ്ക്കും തീവ്രവാദത്തിനും മാത്രം പിന്തുണ കൊടുക്കുന്ന രാഷ്ട്രീയക്കാര്‍ സാധാരണ മുസല്‍മാന്റെ ആവശ്യത്തിന് കാതോര്‍ക്കാറില്ല എന്നതാണ് സത്യമെന്നും ഫെസ്ബൂക് പോസ്റ്റിൽ കെ പി ശശികല പറഞ്ഞു.

പെരുന്നാളിനോട് അനുബന്ധിച്ച് തിങ്കളാഴ്ച അവധി നല്‍കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരാഴ്ച മുമ്പ് തന്നെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അവധി ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹം പ്രതികരിച്ചിരുന്നു. മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒരു ദിവസം പോലും പൊതു അവധി നല്‍കാത്തത് ക്രൂരവും പ്രതിഷേധാര്‍ഹവുമാണ്. ഞായറാഴ്ച പെരുന്നാളായത് കൊണ്ട് തിങ്കളാഴ്ച പൊതു അവധി തികച്ചും ന്യായമായ ആവശ്യമായിരുന്നുവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

അവധി നല്‍കാത്തതിനെതിരെ വലിയ പ്രതിഷേധമാണ് മുസ്‌ലിം സംഘടനകളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നത്. അവധി നല്‍കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് അഭിപ്രായം വിവിധ മതനേതാക്കളും പങ്കുവെച്ചിരുന്നു.