വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥർക്കുള്ള അസുഖമാണ് വെളിപ്പെടുത്തൽ: കാനം രാജേന്ദ്രൻ

single-img
12 July 2022

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ രക്ഷിക്കാനിറങ്ങിയ മുൻ ഡിജിപി ആർ. ശ്രീലേഖക്കെതിരെ രൂക്ഷ പരാമർശവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥർക്കുള്ള അസുഖമാണ് വെളിപ്പെടുത്തൽ എന്നും, അത്തരം ആരോപണങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ആരോപണം അന്വേഷണത്തെ ബാധിക്കുമോയെന്ന് അന്വേഷണ സംഘം പരിശോധിക്കട്ടെയെന്നും, സർവീസിൽ ഇരിക്കുന്ന സമയത്ത് എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന് കാനം ചോദിച്ചു.

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്ന പരാമർശവുമായി രംഗത്തെത്തിയത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം.