ലുലു ഗ്രൂപ്പിൻ്റെ ഉത്തരേന്ത്യയിലെ ആദ്യത്തെ ഷോപ്പിംഗ് മാൾ ലഖ്‌നൗവിൽ തുറന്നു

single-img
11 July 2022

ലക്നൗ: ലുലു ഗ്രൂപ്പിൻ്റെ ഉത്തരേന്ത്യയിലെ ആദ്യത്തെ ഷോപ്പിംഗ് മാൾ ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ തുറന്നു. 2,000 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച മാൾ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മുഖ്യമന്ത്രിയും മറ്റ്‌  മന്ത്രിമാരും  ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഓടിച്ച ഗോൾഫ് കാർട്ടിൽ കയറി മാൾ ചുറ്റിക്കണ്ടു. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലഖ്‌നൗ വിമാനത്താവളത്തിനടുത്താണ് രണ്ട് നിലകളിലായുള്ള ലുലു മാൾ. നിലവിൽ കേരളത്തിലും കർണ്ണാടകയിലുമാടി നാല് ഷോപ്പിംഗ് മാളുകളാണ് രാജ്യത്ത് ലുലു ഗ്രൂപ്പിനുള്ളത്. 
ഗോൾഫ് സിറ്റിയിലെ അമർ ഷഹീദ് പാതയിൽ സ്ഥിതി ചെയ്യുന്ന ലുലു മാൾ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡുകളുമായാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. 1600 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന വിപുലമായ ഫുഡ് കോര്‍ട്ടും മാളിൽ ഒരുക്കിയിട്ടുണ്ട്. 2.2 ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ലുലു മാളിൽ 3000-ത്തോളം വാഹനങ്ങൾ പാര്‍ക്ക് ചെയ്യാൻ സാധിക്കുമെന്നും 11 സ്ക്രീനുകൾ അടങ്ങിയ പിവിആര്‍ സൂപ്പര്‍പ്ലെക്സ് വൈകാതെ പ്രവര്‍ത്തനം തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. 
ഉത്തര്‍പ്രദേശിൽ വൻനിക്ഷേപ പദ്ധതികളാണ് ഇതിനോടകം ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രേറ്റർ നോയിഡയിൽ ഭക്ഷ്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലും പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലും 2400 കോടി രൂപ മുടക്കി പുതിയ ഷോപ്പിംഗ് മാളുകളുടെ നിര്‍മ്മാണത്തിനും ലുലു ഗ്രൂപ്പ് തുടക്കമിട്ടു കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ കാണ്‍പൂരിലും ഗൊരഖ്പൂരിലും ലുലു മാളുകൾ വരും.