അടുത്ത വര്‍ഷം ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും; യുഎന്‍ റിപ്പോര്‍ട്ട്

single-img
11 July 2022

ദില്ലി;അടുത്ത വര്‍ഷം ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്.

2022 നവംബര്‍ പകുതിയോടെ ലോകജനസംഖ്യ 800 കോടി ( എട്ട് ബില്യണ്‍) ആകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആഗോള ജനസംഖ്യ 1950 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് വളരുന്നത്. 2020 ല്‍ ഒരു ശതമാനത്തില്‍ താഴെയാണ് ഇത്,യുഎന്നിന്‍റെ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്‌ട്സില്‍ പറയുന്നു. 2030 ല്‍ ലോകത്തെ ആകെ ജനങ്ങളുടെ എണ്ണം 850 കോടിയില്‍ എത്തും. 2050 ല്‍ ഇത് 970 കോടി ആവുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2080 ല്‍ ജനസംഖ്യ ഏകദേശം ആയിരം കോടി കടക്കും. 2100 വരെ ആ നിലയില്‍ തന്നെ ജനസംഖ്യ കണക്കുകള്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2023 ല്‍ ഇന്ത്യ ചൈനയെ മറികടക്കും എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 2022 ലെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് പ്രദേശങ്ങള്‍ കിഴക്കന്‍ ഏഷ്യയും തെക്ക്-കിഴക്കന്‍ ഏഷ്യയുമാണ്, 2.3 ബില്യണ്‍ ആളുകളാണ് ഇവിടെയുള്ളത്. ആഗോള ജനസംഖ്യയുടെ 29 ശതമാനമാണിത്. മധ്യ, ദക്ഷിണേഷ്യകളില്‍ 2.1 ബില്യണ്‍ ആണ് ജനസംഖ്യ. മൊത്തം ലോക ജനസംഖ്യയുടെ 26 ശതമാനം ആണിത്.

ഈ മേഖലകളിലാകട്ടെ ഇന്ത്യയിലും ചൈനയിലുമാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യ റിപ്പോര്‍ട്ട് ചെയ്ത്.ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ട് രാജ്യങ്ങളിലായിരിക്കും 2050 വരെ ജനസംഖ്യ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുകയെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.