കാലാവധി പൂര്‍ത്തിയാക്കും; ‘അച്ഛേ ദിന്‍’ കൊണ്ടുവരും: ഏക് നാഥ് ഷിന്‍ഡെ

single-img
10 July 2022

നിലവിലെ സര്‍ക്കാര്‍ ഭരണ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പരാമര്‍ശത്തിന് പിന്നാലെ തന്റെ സര്‍ക്കാര്‍ ഭരണകാലാവധി പൂര്‍ത്തിയാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ.

ശനിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷിന്‍ഡെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പിലും തന്റെ സര്‍ക്കാര്‍ വിജയിക്കുമെന്നും ഷിന്‍ഡെ അവകാശപ്പെട്ടു.

മഹാരാഷ്ട്രയ്ക്ക് ശക്തമായ സര്‍ക്കാരാണുള്ളത്. 164 എം.എല്‍.എമാരാണ് സര്‍ക്കാരിനുള്ളത്. പ്രതിപക്ഷത്തിന് 99ും. ഞങ്ങള്‍ എന്തായാലും കാലാവധി പൂര്‍ത്തിയാക്കും, അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്യും,’ ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു

മഹാരാഷ്ട്രയില്‍ പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ തകരുമെന്നും ഇടക്കാല തെരഞ്ഞെടുപ്പിന് എല്ലാവരും തയ്യാറായി ഇരിക്കണമെന്നും ശരദ് പവാര്‍ നേരത്തെ പറഞ്ഞിരുന്നു.

കൂടാതെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഞാന്‍ എന്റെ മുഖ്യമന്ത്രി സ്ഥാനം ഉപയോഗിക്കും. സാധാരണക്കാരായ പൗരന്മാരുടെ ജീവിതത്തിലേക്ക് ‘അച്ചേ ദിന്‍’ കൊണ്ടുവരാന്‍ ശ്രമിക്കും. ഒപ്പം ബാലാസാഹെബിന്റെ ഹിന്ദുത്വ ആശയങ്ങളും ധര്‍മവീര്‍ ആനന്ദ് ദിഗെ പഠിപ്പിച്ച പാഠങ്ങളും ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും ഏക് നാഥ് ഷിന്‍ഡെ പറഞ്ഞു