ശ്രീലങ്കക്ക് പിന്തുണയുമായി കോണ്‍ഗ്രസ്

single-img
10 July 2022

ദില്ലി : ശ്രീലങ്കക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.പ്രതിസന്ധി ശ്രീലങ്ക മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ വന്‍ ജനകീയപ്രക്ഷോഭമാണ് നടക്കുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പിരിഞ്ഞുപോകാന്‍ തയ്യാറാവാതെ രണ്ടര ലക്ഷത്തിലേറെ പ്രക്ഷോഭകര്‍ കൊളംബോയില്‍ തുടരുകയാണ്. രാജിക്ക് പ്രസിഡന്‍റ് മഹിന്ദ രജപക്സെ തയ്യാറായ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ പിരിഞ്ഞ് പോകണമെന്ന് സമരക്കാരോട് സംയുക്ത സൈനിക മേധാവി ജനറല്‍ ഷാവേന്ദ്ര ഡിസില്‍വ ആവശ്യപ്പെട്ടു. ഗോത്തബയ രജപക്‌സെയുടെ വസതിയില്‍ നിന്ന് പ്രക്ഷോഭകര്‍ ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇത് സമരക്കാര്‍ പൊലീസിന് കൈമാറിയതായി ലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ വെടിവെപ്പിന്‍റെയും മര്‍ദ്ദനത്തിന്‍റെയും കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നു.

‘ശ്രീലങ്കയുമായി ഇന്ത്യയ്ക്കുള്ളത് നല്ലബന്ധം’ : സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് ജയശങ്കര്‍

തിരുവനന്തപുരം: ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടപെടില്ല. എന്നാല്‍ മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമാഗ്രികള്‍, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോനകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ തവണ മൂന്ന് ബില്യണ്‍ ഡോളറിന്‍റെ സഹായം ശ്രീലങ്കയ്ക്ക് നല്‍കിയിരുന്നു. ശ്രീലങ്കയുമായി ഇന്ത്യക്കുള്ളത് നല്ല ബന്ധമാണെന്നും, അത് അങ്ങനെ തന്നെ തുടരുമെന്നും വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ വ്യക്തമാക്കി.

അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് തീര സംരക്ഷണ സേനയുടേതടക്കം റിപ്പോര്‍ട്ടുള്ളത്. അതേസമയം സ്ഥിതിഗതികള്‍ വഷളാകുന്നത് ഇന്ത്യയേയും സമ്മര്‍ദ്ദത്തിലാക്കും. സാമ്ബത്തിക സഹായ ശക്തിയായി ചൈന എത്താനുള്ള സാധ്യതയും, ശ്രീലങ്ക കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ചില വിമത ശക്തികള്‍ക്ക് ആയുധം നല്‍കി ഇന്ത്യക്കെതിരെ തിരിക്കാന്‍ വിദേശ ശക്തികള്‍ ഇടപെടുമോയെന്നും വിദേശകാര്യ മന്ത്രാലയവും, സുരക്ഷാ ഏജന്‍സികളും നിരീക്ഷിച്ച്‌ വരികയാണ്.