വയനാട് മുട്ടിലില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു

single-img
9 July 2022

വയനാട്: വയനാട് മുട്ടിലില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു.

കോയമ്ബത്തൂര്‍ നെഹ്റു കോളജിലെ വിദ്യാര്‍ഥികളാണ് മൂന്നു പേരും. മുട്ടില്‍ വാര്യാട് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു വിനോദ്, പാലക്കാട് സ്വദേശി യദു കൃഷ്ണന്‍, കൊല്ലങ്കോട് സ്വദേശി മിഥുന്‍ എന്നിവരാണ് മരിച്ചത്. കോയമ്ബത്തൂര്‍ നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളാണ് മരിച്ച മൂന്നുപേരും. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്കുള്ള യാത്രക്കിടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു.

വാഹനം പൂര്‍ണമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന ഒറ്റപ്പാലം പത്തന്‍കുളം സ്വദേശി ഫവാസ്, കോഴിക്കോട് കക്കോടി സ്വദേശി യാദവ് എന്നിവര്‍ക്ക് പരിക്കേറ്റു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളെ കല്‍പ്പറ്റയിലെ ആശുപത്രിയിലേക്ക് മാറ്റി. വിനോദ യാത്രക്കായി ഇന്നലെയാണ് സംഘം വയനാട്ടിലെത്തിയത്. പുല്‍പ്പള്ളി കാറ്റുവെട്ടിയില്‍ അനന്തുവിന്റെ വീട്ടില്‍ വന്ന ശേഷം സ്ഥലങ്ങള്‍ കാണാനായുള്ള യാത്രക്കിടെയാണ് അപകടം. മീനങ്ങാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.