ശ്രീലങ്കയിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവെച്ചു

single-img
9 July 2022

സർവകക്ഷി സർക്കാർ അധികാരമേൽക്കുന്നതിനായി ലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. “എല്ലാ പൗരന്മാരുടെയും സുരക്ഷ ഉൾപ്പെടെ ഗവൺമെന്റിന്റെ തുടർച്ച ഉറപ്പാക്കുന്നതിന്, ഒരു സർവകക്ഷി ഗവൺമെന്റിന് വഴിയൊരുക്കാനുള്ള പാർട്ടി നേതാക്കളുടെ ഏറ്റവും മികച്ച ശുപാർശ ഞാൻ അംഗീകരിക്കുന്നു. ഇത് സുഗമമാക്കുന്നതിന് ഞാൻ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കും, ”അദ്ദേഹം ട്വിറ്ററിൽ എഴുതി.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച വലിയ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. ആ സമയം രജപക്‌സെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന റെനിൽ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുകയായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം, ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനമായ കൊളംബോയിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറി. ഇത് ഈ വർഷം പ്രതിസന്ധിയിലായ രാജ്യത്ത് നടന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ മാർച്ചുകളിലൊന്നായിരുന്നു.

ഇതിനെ തുടർന്ന് പ്രസിഡന്റ് വീട്ടിൽ നിന്ന് പലായനം ചെയ്തതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വാർത്താ ഏജൻസിയായ എഎഫ്‌പി പ്രധാനമന്ത്രിയുടെ രാജിയും റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 22 ദശലക്ഷം ജനങ്ങളുള്ള ദ്വീപ് രാജ്യം ഇപ്പോൾ കടുത്ത വിദേശനാണ്യ ദൗർലഭ്യത്തിൽ പൊറുതിമുട്ടുകയാണ്. ഇതുമൂലം ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുടെ അവശ്യ ഇറക്കുമതി പരിമിതപ്പെടുത്തിയിരിക്കുന്നു.