ഗവി ഇനി വിദേശ കമ്പനി പരിപാലിക്കും?

single-img
9 July 2022

ഗവിയിൽ വനം വികസന കോർപ്പറേഷന്റെ അധീനതയിലുള്ള വനഭൂമിയുടെ പരിപാലനം അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയെ ഏൽപ്പിക്കാൻ നീക്കം. പെരിയാർ കടുവ സങ്കേതത്തിന്റെ 800 ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതലയാണ് വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം നടക്കുന്നത്. 50 വർഷത്തേക്ക് വനപരിപാലനം വിദേശ കമ്പനിയെ ഏൽപ്പിക്കാനായിരുന്നു ആദ്യ തീരുമാനം എങ്കിലും, വിവാദമാകുമെന്നു കണ്ട്, പിന്നീട് 15 വർഷമായി ചുരുക്കുകയായിരുന്നു.

ഇതിനു വേണ്ടി വിദേശ കമ്പനിയുമായി നേരിട്ടും ഓൺലൈനിലുമായി പലതവണ വനം വികസന കോർപ്പറേഷൻ ചർച്ചകൾ നടത്തിയിരുന്നു. ജൂൺ ആദ്യം ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യൻ പ്രതിനിധിസംഘം ഗവിയിലെ വനഭൂമി സന്ദര്ശിക്കുകയും ചെയ്തു. വനം വികസന കോർപ്പറേഷന്റെ ഉന്നതോദ്യോഗസ്ഥൻ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

കമ്പനിയുടെ സി.എസ്.ആർ. ഫണ്ടിൽനിന്ന് വർഷംതോറും രണ്ടരക്കോടി രൂപവീതം വനം വികസന കോർപ്പറേഷനു ലഭിക്കുന്ന വിധത്തിലാണ് കരാർ. വിദേശ കമ്പനി ഗവിയിൽ ഓഫീസ് സ്ഥാപിക്കുകയും കോർപ്പറേഷന്റെ ഏലം കൃഷി അവസാനിപ്പിക്കുകയും ചെയ്യും.

എന്നാൽ വനം വികസന കോർപ്പറേഷന്റെ ഈ തീരുമാനം നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ഇതെല്ലാം നടന്നതെന്നാണ് വിവരം. മാത്രമല്ല കരാറനുസരിച്ച് ഇതുമായി ബന്ധപ്പെട്ട കേസ് നടപടികൾ വിദേശത്താണ് നടത്തേണ്ടത്. ഇന്ത്യൻ വന നിയമം, വന്യജീവിസംരക്ഷണ നിയമം, പരിസ്ഥിതിസംരക്ഷണ നിയമം, ജൈവവൈവിധ്യസംരക്ഷണ നിയമം എന്നിവയെല്ലാം നോക്കുകുത്തിയാകുമെന്ന് ആരോപണമുയർന്നിട്ടുണ്ട്.

അതേസമയം വിദേശ കമ്പനിയുമായി ചേർന്നുള്ള പദ്ധതിയുടെ അന്തിമരൂപമായിട്ടില്ല. രഹസ്യാത്മകസ്വഭാവമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ല. -പ്രകൃതി ശ്രീവാസ്തവ, എം.ഡി., വനം വികസന കേർപ്പറേഷൻ