സർക്കാർ പണം നൽകിയില്ലെങ്കിൽ കെഎസ്ഇബിയിലും പെൻഷൻ മുടങ്ങും

single-img
9 July 2022

സർക്കാർ പണം നൽകിയില്ലെങ്കിൽ അടുത്തമാസം പെൻഷൻ മുടങ്ങും എന്ന് കെഎസ്ഇബി സർക്കാരിനെ അറിയിച്ചു. സർക്കാർ ഏറ്റെടുത്ത ജല അതോറിറ്റി വൈദ്യുതി ചാർജ് കുടിശ്ശിക വിഹിതവും, ബഡ്ജറ്റ് വിഹിതവും ഉൾപ്പെടെ 508.67 കോടി രൂപ ധനവകുപ്പ് നൽകിയില്ലെങ്കിൽ കെഎസ്ഇബി സാമ്പത്തിക പ്രതിസന്ധിയിൽ ആകുമെന്നും, ഓഗസ്റ്റുമുതൽ പെൻഷൻ വിതരണം മുടങ്ങും എന്നും ചെയർമാൻ വൈദ്യുതി മന്ത്രിയെയും ധനവകുപ്പിനെയും അറിയിച്ചു.

ജല അതോറിറ്റിയുടെ 2018 വരെയുള്ള കുടിശ്ശിക 1326.69 കോടി രൂപ സർക്കാർ ഏറ്റെടുത്തിരുന്നു. ഇത് സർക്കാർ കെഎസ്ഇബിക്ക് ഘട്ടം ഘട്ടമായി കൈമാറും എന്നായിരുന്നു ധാരണ. കോവിഡ് കാലത്ത് നൽകിയ ആനുകൂല്യങ്ങളുടെ ഭാരത്തിൽ നിന്നും കെഎസ്ഇബിയുടെ വരുമാനം സാധാരണ നിലയിലേക്ക് വരുന്നതേയുള്ളൂ.

ജൂലൈ അവസാന പാദത്തിൽ 327.56 കോടി രൂപ മാത്രമേ നീക്കിയിരിപ്പ് ഉണ്ടാകുവെന്നും, ഓഗസ്റ്റ് 1 മുതൽ 9 വരെ ചെലവിന് 1017.33 കോടി രൂപ വേണമെന്നുമാണ് കെഎസ്ഇബി ധനവകുപ്പിനെ അറിയിച്ചിട്ടുള്ളത്.

ഓഗസ്റ്റ് രണ്ടിന് പെൻഷൻ വിതരണത്തിന് 127 കോടി രൂപ വേണം. ഈ വിവരം നിരവധി തവണ വകുപ്പിനെ അറിയിച്ചെങ്കിലും ധനകാര്യവകുപ്പ് കനിയുന്നില്ലെന്നും പെൻഷൻ വിതരണം മുടങ്ങും എന്നും കെഎസ്ഇബി ധനകാര്യ വിഭാഗം വൈദ്യുതി വകുപ്പ് മന്ത്രിക്കു റിപ്പോർട്ട് നൽകി.