ചൊവ്വാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

single-img
9 July 2022

തിരുവനന്തപുരം: വരുന്ന ചൊവ്വാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ വ്യാപക മഴക്കാണ് സാധ്യത. തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രപ്രദേശ് തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്.

ഈ കാരണത്താലാണ് കേരളത്തില്‍ വ്യാപക മഴ ലഭിക്കുന്നത്. അതേസമയം, ഇന്ന് 11 ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി, എന്നീ ജില്ലകളില്‍ ആണ് ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ജാഗ്രത നിര്‍ദ്ദേശം കണക്കിലെടുത്ത് നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂര്‍ , കാസര്‍കോട് , ആലപ്പുഴ , കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂര്‍ എന്നീ ജില്ലകളിലാണ് സാഹചര്യം കണക്കിലെടുത്ത് നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ജൂലൈ 12 – ന് കോട്ടയം , ഇടുക്കി , കോഴിക്കോട് , കണ്ണൂര്‍ , കാസര്‍കോട് എന്നീ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഇന്നേ ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇതിന് പുറമെ, 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

കനത്ത മഴ, കാറ്റ് എന്നിവ കണക്കിലെടുത്ത് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും ജനങ്ങള്‍ വേണ്ട മുന്നറിയിപ്പു നല്‍കുകയാണ്. ജൂലൈ 9 -ാം തീയതി രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ഈ മുന്നറിയിപ്പ്. അതിനാല്‍, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്.

അതേസമയം , ഇടുക്കി ജില്ലയില്‍ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു. രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ നിയന്ത്രണം. അടിയന്തര സാഹചര്യങ്ങളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതായത്, അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി മലയോര മേഖലകളിലേക്ക് രാത്രി സമയം യാത്ര ചെയ്യാന്‍ സാധിക്കും.

ജില്ലയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായേക്കാം. ഇത് കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം , ഓള്‍ഡ് മൂന്നാര്‍ – ദേവികുളം റോഡില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചില്‍മൂലം ഗതാഗതം സാധ്യമല്ലാത്ത സാഹചര്യമുള്ളതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിരിക്കുകയാണ്.