ക്വട്ടേഷന്‍ നല്‍കി അച്ഛനെ കൊന്ന സംഭവത്തില്‍ മകളടക്കം അഞ്ച് പേർ പിടിയിൽ

single-img
9 July 2022

ജയ്പുര്‍: കാമുകനുമായി ചേര്‍ന്ന് ​ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ നല്‍കി അച്ഛനെ കൊന്ന സംഭവത്തില്‍ മകളടക്കം അഞ്ച് പേരെ പിടികൂടി പോലീസ്.

47കാരനായ സ്കൂള്‍ അധ്യാപകന്‍ രാജേന്ദ്ര മീണയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകള്‍ ശിവാനി മീണ (19), കാമുകന്‍ അതുല്‍ മീണ (20), മൂന്ന് അക്രമികളായ ലളിത് മീണ (21), വിഷ്ണു ഭീല്‍ (21), വിജയ് മാലി (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശിവാനിയും

അതുലും ചേര്‍ന്ന് രാജേന്ദ്രയെ കൊല്ലാന്‍ വാടകയ്ക്ക് മറ്റുള്ളവരെ ഏര്‍പ്പാടാക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 25ന് രാജേന്ദ്ര ഇരുചക്ര വാഹനത്തില്‍ പിതാവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ സംഘം രാജേന്ദ്രയെ ആക്രമിക്കുകയായിരുന്നു. സ്വദേശമായ ബിസ്ലായ് ​ഗ്രാമത്തില്‍ വച്ചാണ് ഇയാള്‍ ആക്രമണത്തിന് ഇരയായത്. വടിയും മൂച്ചയുള്ള ആയുധങ്ങളുമായി ഇയാളെ വളഞ്ഞാണ് സംഘം കൃത്യം നടത്തിയത്.

അച്ഛന്‍ കടുത്ത മദ്യപാനിയും കട ബാധ്യതയുമുള്ള ആളായിരുന്നു. ഇത് സഹിക്കാന്‍ കഴിയാതെയാണ് മകളും കാമുകനും ചേര്‍ന്ന് ​ഗൂഢാലോചന നടത്തിയത്. ഇരുവരും ചേര്‍ന്ന് അഞ്ച് പേരെ 1000 രൂപ ആഡ്വാന്‍സ് നല്‍കി ക്വട്ടേഷന്‍ ഉറപ്പിച്ചു. കൃത്യം കഴിഞ്ഞാല്‍ 50,000 രൂപയും നല്‍കാമെന്നായിരുന്നു കരാര്‍.

ചോദ്യം ചെയ്യലില്‍ അധ്യാപകന് രണ്ട് ഭാര്യമാരുണ്ടെന്ന് പ്രതികളിലൊരാള്‍ വെളിപ്പെടുത്തി. അമിതമായ കട ബാധ്യതയുള്ള മദ്യത്തിന് അടിമയായ ഇയാള്‍ സുല്‍ത്താന്‍പുര്‍ നഗരത്തിലെ ആദ്യ ഭാര്യക്ക് വേണ്ടി വാങ്ങിയ വീട് വില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പോലീസ്  പറഞ്ഞു. രാജേന്ദ്രയുടെ പിതാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പങ്കാളികളായ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.