സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഈ ആഘോഷം പ്രചോദനമാകട്ടെ; ബലിപ്പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി

single-img
9 July 2022

സംസ്ഥാനത്തെ ജനങ്ങൾക്ക് ബലിപെരുന്നാൾ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാൾ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താകുറിപ്പിൽ പറഞ്ഞു.

ഏവർക്കും ഈ ബലി പെരുന്നാൾ സന്ദേശം ഉൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ആഘോഷം സാർത്ഥകമാക്കാനും ഏവർക്കും സാധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒരുമിച്ചുചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള ഒരു അവസരം കൂടിയായി ഈ സുദിനം മാറട്ടെയെന്നും മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകൾ മറന്ന് പുഞ്ചിരിക്കാനും ഏവർക്കും സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഏവർക്കും സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഈ ആഘോഷം പ്രചോദനമാകട്ടെ. ഏവർക്കും ഹൃദയപൂർവ്വം ബലി പെരുന്നാൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.