ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ ടീസറിന് വന്‍ സ്വീകരണം

single-img
9 July 2022

കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ ടീസറിന് വന്‍ സ്വീകരണം. കഴിഞ്ഞ ദിവസമാണ് തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി അഞ്ചു ഭാഷകളില്‍ പുറത്തിറങ്ങിയത്. പ്രമുഖര്‍ പങ്കെടുത്ത വര്‍ണാഭമായ ചടങ്ങിലായിരുന്നു ടീസര്‍ റിലീസ്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍.

സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 30 നു ചിത്രം തീയേറ്ററുകളില്‍ എത്തും.
മണിരത്‌നത്തിന്റെ സ്വപ്ന പദ്ധതിയാണ് പൊന്നിയിന്‍ സെല്‍വന്‍. കല്‍ക്കിയുടെ നോവലിനെ ആസ്പദമാക്കി 1958-ല്‍ എം.ജി.ആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. 2012-ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്‌നം തുടങ്ങിവെച്ചിരുന്നു. എന്നാല്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി.
2015-ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.