ആനന്ദ് ശർമ ബിജെപിയിലേക്ക്?

single-img
9 July 2022

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ശക്തമാകുന്നു. മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം നിലവിൽ കോൺഗ്രസിലെ ജി 23 (ഗ്രൂപ്പ് 23) വിഭാഗം നേതാവാണ്. ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം വ്യാപകമായതോടെ, കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രാധാന്യം നൽകേണ്ടതില്ലെന്ന വിശദീകരണവുമായി ആനന്ദ് ശർമ രംഗത്തെത്തി

എന്നാൽ ഹിമാചൽ പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മുൻപുള്ള കൂടിക്കാഴ്ചക്കു രാഷ്ട്രീയ പ്രാധാന്യം ഏറെയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷർ വിലയിരുത്തുന്നത്.

”തങ്ങള്‍ ഹിമാചല്‍ പ്രദേശില്‍‍ നിന്നുള്ളവരും ഒരേ സർവകലാശാലയില്‍ പഠിച്ചവരുമായതിനാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് തുറന്നു പറയുന്നതില്‍ തനിക്ക് മടിയില്ല. നദ്ദയുമായി തനിക്ക് കാലങ്ങളായി സാമൂഹികവും കുടുംബപരവുമായ ബന്ധമുണ്ട്. എന്റെ സംസ്ഥാനത്ത് നിന്നും സർവകലാശാലയില്‍ നിന്നും വരുന്ന ഒരാള്‍ ഭരണകക്ഷിയുടെ പ്രസിഡന്റായതില്‍ അഭിമാനിക്കുന്നു. പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ട് അർഥമാക്കുന്നത് വ്യക്തിവൈരാഗ്യമല്ല. തനിക്ക് അദ്ദേഹത്തെ കാണേണ്ടി വന്നാല്‍ അത് തുറന്നു പറയും, അത് തന്റെ അവകാശമാണ്. അതിന് ഒരു രാഷ്ട്രീയ പ്രാധാന്യവും നൽകേണ്ടതില്ല” എന്നായിരുന്നു ശര്‍മയുടെ പ്രതികരണം.

കോൺഗ്രസിൽ ജി-23ന് ഒപ്പം തുടരുന്ന അദ്ദേഹം പല വിഷയങ്ങളിലും നേതൃത്വത്തോട് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.