ഷിന്‍സോ ആബെയുടെ നില ഗുരുതരം: അക്രമി മുന്‍ നേവി ഉദ്യോഗസ്ഥനെന്ന് സൂചന

single-img
8 July 2022

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വെടിവച്ച അക്രമിയെ തിരിച്ചറിഞ്ഞു. ടെറ്റ്‌സുയ യമഗാമി ആണ് വെടിവച്ചത്. സുരക്ഷാ സേനാംഗങ്ങള്‍ പിടികൂടിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ മുന്‍ നേവിയിൽ ജോലി ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്.

കിഴക്കന്‍ ജപ്പാനിലെ നാര നഗരത്തില്‍ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടെന്നും രക്തം ഒലിച്ച് ആബെ നിലത്തു വീണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ നെഞ്ചിലാണ് വെടിയേറ്റതെന്നു റിപ്പോര്‍ട്ടുണ്ട്. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവയ്പെന്നും പൊലീസ് സ്ഥിരീകരിച്ചു. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെയായിരുന്നു വെടിയേറ്റത്.

വെടിയേറ്റത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ടെന്നും നില അതീവ ഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ട് ഉണ്ട്. പ്രധാനമന്ത്രി ഫുമിയോ കിഷിദ 11ന് രാജ്യത്തെ അഭിസംബോധന ചെയ്യും.