ഗുജറാത്ത് തെരഞ്ഞെടുപ്പ് പോരാട്ടം ബിജെപിക്കെതിരെ ശക്തമാകണം; തീരുമാനവുമായി കോൺഗ്രസ് ടാസ്‌ക് ഫോഴ്‌സ് യോഗം

single-img
8 July 2022

ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആകരുത്, പകരം ബിജെപിക്കെതിരെയാകണം പ്രചാരണം നടത്തേണ്ടതെന്നും കോൺ​ഗ്രസ് തീരുമാനം. മുൻ കാലങ്ങളിലെ പോലെ ഇത്തവണയും സംസ്ഥാനത്തിൽ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയും ഉയർത്തിക്കാട്ടില്ലെന്ന കീഴ്വഴക്കത്തിൽ ഉറച്ചുനിൽക്കാനാണ് കോൺ​ഗ്രസ് ഇത്തവണയും തീരുമാനിച്ചത്.

സംസ്ഥാനത്തെ 182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെയായിരിക്കും നടക്കുക . കഴിഞ്ഞ 24 വർഷത്തിലേറെയായി ​ഗുജറാത്തിൽ ബിജെപിയാണ് ഭരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപപ്പെടുത്തുന്നതിനായി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ അടങ്ങുന്ന ടാസ്‌ക് ഫോഴ്‌സ് ഗുജറാത്തിൽ നിന്നുള്ള നേതാക്കളുമായി ദില്ലിയിൽ യോഗം ചേർന്നു.

കോൺഗ്രസ് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിൽ മുതിർന്ന നേതാക്കളായ പി ചിദംബരം, മുകുൾ വാസ്‌നിക്, കെ സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളത്.