നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
8 July 2022
Actor

നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നായിരുന്നു പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ട്വിറ്ററില്‍ ഏറെ ഫോളോവേഴ്സ് ഉള്ള ട്രേഡ് അനലിസ്റ്റുകളില്‍ നിന്ന് വിക്രത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ പലതരത്തില്‍ ട്വീറ്റുകളാണ് എത്തിയത്. അതേസമയം നടന്‍റെ നില തൃപ്തികരമാണെന്നും ചികിത്സയിലാണെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ന്യൂസ്‍മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2019 ജൂലൈയില്‍ റിലീസ് ചെയ്യപ്പെട്ട ‘കദരം കൊണ്ടാന്‍’ ആണ് വിക്രത്തിന്‍റേതായി അവസാനം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. അതേവര്‍ഷം ധ്രുവ് വിക്രം നായകനായ ആദിത്യ വര്‍മ്മയില്‍ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായി വന്നുപോവുകയും ചെയ്‍തിരുന്നു വിക്രം. കാര്‍ത്തിക് സുബ്ബരാജിന്‍റെ ആക്ഷന്‍ ത്രില്ലര്‍ മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഡയറക്‌ട് ഒടിടി റിലീസ് ആയും എത്തിയിരുന്നു. ആര്‍ അജയ് ജ്ഞാനമുത്തുവിന്‍റെ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കോബ്ര, ഗൗതം വസുദേവ് മേനോന്‍റെ സ്പൈ ത്രില്ലര്‍ ധ്രുവ നച്ചത്തിരം, മണി രത്നത്തിന്‍റെ എപിക് ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ പൊന്നിയിന്‍ സെല്‍വന്‍ 1 എന്നിങ്ങനെയാണ് വിക്രത്തിന്‍റെ ലൈനപ്പ്. ഇതില്‍ മിക്കവയും വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള പ്രോജക്റ്റുകളാണ്