കായിക താരം പിടി ഉഷയേയും സംഗീത സംവിധായകന്‍ ഇളയരാജയേയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു

single-img
7 July 2022

ദില്ലി; കായിക താരം പിടി ഉഷയേയും സംഗീത സംവിധായകന്‍ ഇളയരാജയേയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ വി.വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

നാല് പേരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പിടി ഉഷ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.സ്പോര്‍ട്സില്‍ പിടി ഉഷയുടെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്കായി വര്‍ഷങ്ങളായി ഉഷ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‌ പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. ‌

തലമുറകളെ ആവേശത്തിലാഴ്ത്തിയ സംഗീത സംവിധായകനാണ് ഇളയരാജയെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പല വികാരങ്ങളേയും പ്രതിഫലിപ്പിക്കുന്നതാണ്. അതതിലേറെ പ്രചോദനാത്മകമാണ് അദ്ദേഹത്തിന്റെ ജീവിതം. സാധാരണ ചുറ്റുപാടുകളില്‍ നിന്നും വളര്‍ന്ന് വന്ന അദ്ദേഹം വലിയ ഉയരങ്ങളാണ് ജീവിതത്തില്‍ കീഴടക്കിയത്,രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍, പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.

ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണമെന്ന ആവശ്യം നേരത്തേ തമിഴ്നാട് ബിജെപി നേതൃത്വം മു്നനോട്ട് വെച്ചിരുന്നു. ഭരണഘടനാശില്പി ഡോ ബി ആര്‍ അംബേദ്കറുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരതമ്യം ചെയ്തുകൊണ്ടുള്ള ഇളയരാജയുടെ പ്രതികരണം വലിയ ചര്‍ച്ചയായപ്പോള്‍ അന്ന് ഇളയരാജയെ പിന്തുണച്ച്‌ കൊണ്ട് ബി ജെ പി രംഗത്തെത്തിയിരുന്നു. പിന്നാലെയായിരുന്നു ഇത്തരമൊരു ആവശ്യം ബിജെപി നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

അംബേദ്കറെയും മോദിയെയും താരതമ്യംചെയ്തുള്ള പുസ്തകത്തിനെഴുതിയ മുഖവുരയിലായിരുന്നു ഇളയരാജയുടെ താരതമ്യ വിലയിരുത്തല്‍. ഇരുവരുടേയും പ്രവര്‍ത്തന രീതികളില്‍ സമാനതകള്‍ ഉണ്ടെന്നായിരുന്നു ഇളയരാജ വ്യക്തമാക്കിയത്. ഇളയരാജയുടെ പ്രതികരണത്തിനെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. എന്നാല്‍ പ്രതികരണം തിരുത്തില്ലെന്നായിരുന്നു അന്ന് ഇളയരാജ പ്രതികരിച്ചത്.