ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സ്വഭാവം; യുവതി രാതിയിൽ ചവറ്റുകൂനയിൽ ഉപേക്ഷിച്ചത് 15 ലക്ഷം രൂപയുടെ സ്വർണം

single-img
6 July 2022

വിഷാദരോഗവും രാത്രി സമയം ഉറക്കത്തിൽ നടക്കുന്ന സ്വഭാവവുമുള്ള യുവതി ചവറ്റുകൂനയിൽ ഉപേക്ഷിച്ചത് 15 ലക്ഷം രൂപ വിലവരുന്ന സ്വർണം. തമിഴ്നാട്ടിലെ കുണ്ടറത്തൂർ മുരുകൻ കോവിൽ റോഡിലുള്ള എടിഎം കൗണ്ടറിലെ ചവറ്റുകൂനയിലാണ് യുവതി 43 പവൻ സ്വർണം ഉപേക്ഷിച്ചത്. കഴിഞ്ഞ
തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം. ഈ എടിഎമ്മിലെ സുരക്ഷാ ഉദ്യോഗസ്ഥൻ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തി സ്വർണാഭരണങ്ങൾ എടുത്തത്.

കൗണ്ടറിന് സമീപത്തെ ചവറ്റുകൂനയിൽ നല്ല ഒരു ലെതർ ബാഗ് കണ്ടതിനെ തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. ഇയാൾ വേഗം ബാങ്ക് മാനേജരെ വിവരം അറിയിക്കുകയും ഒപ്പം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് എത്തി ഇവിടെയുള്ള സിസിടി പരിശോധിച്ചതിൽ നിന്നാണ് പുലർച്ചെ എടിഎമ്മിൽ എത്തിയ യുവതി ചവറ്റുകൂനയിൽ ബാഗ് ഉപേക്ഷിക്കുന്നത് കണ്ടത്.

ഈ സമയം തന്നെ തന്നെ 35 വയസുള്ള മകളെ കാണാനില്ലെന്ന പരാതിയുമായി ഒരു ദമ്പതികളും പൊലീസിനെ സമീപിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ നാല് മണി മുതൽ മകളെ വീട്ടിൽ നിന്ന് കാണാതായെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. പി[ആക്ഷേ പിന്നീട് ഏഴ് മണിയോടെ മകൾ വീട്ടിലേക്ക് തിരിച്ചെത്തിയെന്നും ദമ്പതികൾ പൊലീസിനെ അറിയിച്ചു.

ഇത് കേട്ടപ്പോൾ സംശയം തോന്നിയ പൊലീസ് എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ ദമ്പതികളെ കാണിച്ചതോടെയാണ് ഇവരുടെ മകളായ യുവതിയാണെന്ന് തിരിച്ചറിയുന്നത്. ദൃശ്യങ്ങളിൽ കാണുന്ന ചവറ്റുകൊട്ടയിൽ സ്വർണം ഉപേക്ഷിക്കുന്നത് തങ്ങളുടെ മകളാണെന്ന് ദമ്പതികൾ പോലീസിനെ അറിയിക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന സ്വർണ്ണ ആഭരണങ്ങൾ എടുത്തുകൊണ്ടാണ് മകൾ പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. പൊലീസ് പറഞ്ഞ പ്രകാരം വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ആഭരണങ്ങൾ ഇല്ലെന്ന് മനസ്സിലായത്. തങ്ങളുടെ മകൾക്ക് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുണ്ടെന്നും വിഷാദ രോഗത്തിന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലാണെന്നും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. എന്തായാലും നിലവിൽ ആഭരണങ്ങൾ ദമ്പതികൾക്ക് പൊലീസ് തിരിച്ചു നൽകി.