സ്വപ്ന സുരേഷിനെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി എച്ച്‌.ആര്‍.ഡി.എസ്

single-img
6 July 2022

പാലക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി എച്ച്‌.ആര്‍.ഡി.എസ് (ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി).

സ്വപ്നയുമായി ബന്ധപ്പെട്ട അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതായി പുറത്താക്കിയതിന് കാരണമായി പറയുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരമായി വേട്ടയാടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം സ്ത്രീശാക്തീകരണ ഉപദേശക സ്ഥാനത്ത് സ്വപ്ന സുരേഷ് തുടരുമെന്നും എച്ച്‌.ആര്‍.ഡി.എസ് അറിയിച്ചു. സ്വപ്നയെ എച്ച്‌.ആര്‍.ഡി.എസ് സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത് പരാതിയായി പരിഗണിച്ചാണ് നടപടിയെന്ന് എച്ച്‌.ആര്‍.ഡി.എസ് വ്യക്തമാക്കി.

നാല് മാസം മുമ്ബാണ് സ്വപ്‌ന സുരേഷിന് ആര്‍.എസ്.എസ് അനുകൂല എന്‍.ജി.ഒയായ എച്ച്‌.ആര്‍.ഡി.എസില്‍ ജോലി ലഭിച്ചത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്‌ന സുരേഷിനെ നിയമിച്ചത്.

മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണ് ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി. ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളാണ് എന്‍.ജി.ഒയുടെ പ്രധാന പദവികളിലിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷ് ആര്‍.എസ്.എസ് അനുകൂല സംഘടനയില്‍ ജോലി ലഭിച്ചത്. ആര്‍.എസ്.എസ് സ്വപ്‌ന സുരേഷിനെ നിയന്ത്രിക്കുകയാണെന്ന് സി.പി.എം ആരോപിച്ചിരുന്നു.

സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്നായിരുന്നു എച്ച്‌.ആര്‍.ഡി.എസ് നേരത്തെ പറഞ്ഞിരുന്നത്. കാര്‍ അടക്കം വിട്ടു നല്‍കി സഹായിക്കുന്നത് സ്വപ്ന എച്ച്‌.ആര്‍.ഡി.എസ് ജീവനക്കാരി ആയതിനാലാണ്. സര്‍ക്കാരും പൊലീസും സ്വപ്നയെ കെണിയില്‍ പെടുത്തിയതാണെന്നും എച്ച്‌.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞിരുന്നു.

നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്.

സ്വപ്‍ന സുരേഷിനെ ഇന്നലെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസിലാണ് സ്വപ്‍ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ രണ്ടു തവണ ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്ന‍യ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇ.ഡി ചോദ്യം ചെയ്യല്‍ ചൂണ്ടിക്കാട്ടി സ്വപ്‍ന ഹാജരായിരുന്നില്ല.