മുംബൈ യിൽ കനത്ത മഴ; ജനജീവിതം താറുമാറായി

single-img
6 July 2022

മുംബൈ : കനത്ത മഴ മുംബൈയിലെ ജനജീവിതം വീണ്ടും താറുമാറാക്കി. ചേരിപ്രദേശത്തെല്ലാം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.

പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. വെള്ളിയാഴ്ച വരെ മുംബൈയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, താനെയില്‍ ഘോഡ്ബുന്‍ഡര്‍ റോഡില്‍ കുഴിയില്‍ വീണ ബൈക്ക് യാത്രികന്റെ മുകളില്‍ ബസ് കയറി. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. 37കാരനായ ബൈക്ക് യാത്രികന്റെ തൊട്ടുപിന്നാലെ ബസ് ഉണ്ടായിരുന്നു. ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. അന്വേഷണം നടക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് റോഡുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ ട്രെയിന്‍, ബസ് സര്‍വീസുകള്‍ താളംതെറ്റി. പല സര്‍വീസുകളും റദ്ദാക്കേണ്ടി വന്നു. സിയോണ്‍, മന്‍ഖ്രുദ് റെയില്‍വേ പാലം, സീ ലിങ്ക് ഗേറ്റ്, ഖാര്‍ സബ്‌വേ, നീലം ജംഗ്ഷന്‍, ഹിന്ദ്മാതാ ജംഗ്ഷന്‍ ദാദര്‍, മുളുന്ദ്, ഡിയോനര്‍ ചൗക്കി, വകോല ചൗകി, ഭോയ്‌വാഡ ചൗകി തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍ മുംബൈയില്‍ കനത്ത മഴയാണ്. നദികളിലെ ജലനിരപ്പും ഉയരുന്നുണ്ട്. താനെ, പാല്‍ഘര്‍, റായ്ഗഡ്, രത്നഗിരി എന്നിവയുള്‍പ്പെടെ ചില ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിധര്‍ഭ മേഖലയിലെ ചന്ദ്രപുര്‍, ഗഡ്ചിറോളി നാഗ്പുര്‍, വാര്‍ധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 3.94 മീറ്റര്‍ ഉയരത്തില്‍ വരെയുള്ള തിരമാകള്‍ അടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ത്തീരത്തുനിന്ന് അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

സാന്താക്രൂസ് മേഖലയില്‍ രാവിലെ 8.15ന്റെ റീഡിങ്ങില്‍ 204 എംഎം മഴയാണ് ലഭിച്ചത്. അതേസമയം, ദക്ഷിണ മുംബൈയില്‍ 107എംഎം മഴ ലഭിച്ചെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ (ബിഎംസി) അറിയിച്ചു. മുംബൈയുടെ കിഴക്കന്‍ സബേര്‍ബില്‍ 172 എംഎം മഴയും പടിഞ്ഞാറന്‍ സബേര്‍ബില്‍ 152 എംഎം മഴയും ലഭിച്ചു.ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും ആളുകളുടെ ജീവനോ സ്വത്തിനോ കുഴപ്പം സംഭവിക്കരുതെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.