പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നൽകി

single-img
6 July 2022

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത് . കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ചികിത്സാ പിഴവ് മൂലം രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
പാലക്കാട് തങ്കം ആശുപത്രിക്കെതിരെ കൂടുതൽ പരാതികൾ ഉണ്ടാകുകയാണ്. കഴിഞ്ഞ ദിവസം മരിച്ച കാർത്തികയുടെ ചികിൽസയിലും പിഴവ് സംഭവിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. കാർത്തികയ്ക്ക് അനസ്തേഷ്യ നൽകാൻ ട്യൂബ് ഇറക്കരുതെന്ന് പറഞ്ഞു. എന്നിട്ടും ആശുപത്രി അധികൃതർ ട്യൂബ് ഇറക്കി. അങ്ങനെയാണോ അനസ്തേഷ്യ നൽകേണ്ടത്, എന്താണ് നടന്നതെന്ന് അറിയണം. ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും മരിച്ച കാർത്തികയുടെ ബന്ധുക്കൾ വ്യക്തമാക്കി.