സജി ചെറിയാനോട് മുഖ്യമന്ത്രി വിശദീകരണം തേടി; രാജി വെച്ചേക്കുമെന്ന് അഭ്യൂഹം

single-img
5 July 2022

ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെപ്രസംഗത്തിൽ മുഖ്യമന്ത്രി സജി ചെറിയാനോട് വിശദീകരണം തേടി. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്നും, ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത് എന്നുമാണ് മന്ത്രി രാവിലെ പ്രസംഗിച്ചത്.

ഇതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വന്നത്. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടപ്പോൾ പ്രസംഗത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം ഗൌരവത്തോടെയാണ് കാണുന്നതെന്നും, ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം ഗവർണർ ഇന്ന് തന്നെ പ്രതികരിച്ചേക്കും എന്നും രാജ്ഭവൻ അറിയിച്ചു.

അതെ സമയം സജി ചെറിയാന്റെ പ്രസംഗം പരിശോധിക്കുമെന്ന് സി.പി.എമ്മും വ്യക്തമാക്കി. ജില്ലാ നേതൃത്വത്തോട് കാര്യങ്ങള്‍ ആരായും, അതിനു ശേഷം ആയിരിക്കും നിലപാട് എന്നുമാണ് സി പി എം പ്രതികരിച്ചത്. സജി ചെറിയാന്റെ പ്രതികരണം കണ്ടശേഷം മറുപടി പറയാമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും പ്രതികരിച്ചു.

രാജി അല്ലാതെ മറ്റു പോംവഴികൾ ഇല്ല എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. വിഷയത്തിൽ ഗവർണ്ണർ ഉൾപ്പടെ ഉള്ളവർ കടുത്ത തീരുമാനവും ആയി മുന്നോട്ടു പോകുന്നതിനു മുന്നേ തന്നെ രാജി വെച്ച് മുഖം രക്ഷിക്കണം എന്നും സി പി എമ്മിൽ അഭിപ്രായം ഉണ്ട്.