കേന്ദ്ര വാർത്തപ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാകുർ കേരളത്തിലെ സംഘപരിവാർ അനുകൂല മാധ്യമ മേധാവികളുമായി മാത്രം കൂടിക്കാഴ്ച നടത്തിയാതായി ആരോപണം

single-img
5 July 2022

കോഴിക്കോട്: കേന്ദ്ര വാർത്തപ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാകുർ കേരളത്തിലെ സംഘപരിവാർ അനുകൂല മാധ്യമ സ്ഥാപന മേധാവികളുമായി മാത്രം കൂടിക്കാഴ്ച നടത്തിയാതായി ആരോപണം. തിങ്കളാഴ്ച ഉച്ചയോടെ സരോവരത്തെ ഹോട്ടൽ കെ.പി.എം ട്രിപന്‍റയിലായിരുന്നു കൂടിക്കാഴ്ച. ജന്മഭൂമി പത്രത്തിന്റെ കോഴിക്കോട്ടെ പുതിയ ഓഫിസ് ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു മന്ത്രി.

ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, 24 ന്യൂസ്, ന്യൂസ് 18, ജനം ടി.വി, അമൃത ടി.വി എന്നീ ചാനലുകളുടെയും മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ദീപിക, മംഗളം, ജന്മഭൂമി, മെട്രോവാർത്ത തുടങ്ങിയ പത്രങ്ങളുടെയും മേധാവികളെയാണ് കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. എന്നാൽ, കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കൊച്ചി ഓഫിസിൽനിന്ന് മുഴുവൻ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയുള്ള പട്ടികയാണ് അയച്ചതെങ്കിലും ഡൽഹിയിൽനിന്ന് വന്ന പട്ടികയിൽ പല പത്ര, ചാനൽ സ്ഥാപനങ്ങളും പുറത്താവുകയായിരുന്നുവെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

പത്രക്കടലാസ് വിലക്കയറ്റമടക്കം പത്ര-മാധ്യമ വ്യവസായ മേഖലയിലെ വിവിധ പ്രശ്നങ്ങൾ മാധ്യമ മേധാവികൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട മന്ത്രി, നിരവധി മികച്ച നിർദേശങ്ങൾ ലഭിച്ചതായും അറിയിച്ചു. മാതൃഭൂമി എം.ഡി എം.വി. ശ്രേയാംസ്‌കുമാര്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, 24 ന്യൂസ് ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍, ദീപിക എം.ഡി ഫാ. മാത്യൂ ചന്ദ്രന്‍കുന്നേല്‍, മംഗളം എം.ഡി സാജന്‍ വര്‍ഗീസ്, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ഏഷ്യാനെറ്റ് ന്യൂസ് റീജനല്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ പി. ഷാജഹാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.