എസ്‌ഡിപിഐക്കാരെ എകെജി സെന്ററിനുള്ളിൽ പ്രവേശിപ്പിച്ചിട്ടില്ല; കൂടിക്കാഴ്‌ച നടത്തിയെന്നത്‌ വ്യാജവാർത്തയെന്ന് സി പി എം

single-img
4 July 2022

ബോംബ് ആക്രമണത്തിന് ശേഷം എസ്‌ഡിപിഐ സംഘം എകെജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്ത വ്യാജ വാർത്തയാണ് എന്ന് സി പി എം.

എസ്‌ഡിപിഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തിയ ഏഴ് അംഗ സംഘം ജൂലൈ 1 ന് 5 മണിയോടെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നു. പാര്‍ടി നേതാക്കന്മാരെ കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എസ്‌ഡിപിഐയുമായി കൂടികാഴ്‌ച നടത്താന്‍ പാര്‍ടിക്ക് താല്‍പര്യമില്ല എന്നറിയിച്ച് മടക്കിവിടുകയാണ് ചെയ്‌തത്. പുറത്ത് ഇറങ്ങിയ അവര്‍ എകെജി സെന്ററിന് മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു എന്ന് സി പി എം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി സെന്റര്‍ പൊതുജനങ്ങള്‍ക്ക് എപ്പോഴും പ്രവേശനമുള്ള സ്ഥലമാണ്. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയ കേന്ദ്രം എന്ന നിലയിലാണ് മഹാനായ എകെജിയുടെ പേരിലുള്ള ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അവിടെ കടന്നുവരുന്നതിന് ഒരു വിലക്കും ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷെ എസ്‌ഡിപിഐ പോലുള്ള വര്‍ഗ്ഗീയ കക്ഷികളുമായി ഒരു തരത്തിലുള്ള കൂടികാഴ്‌ചയും പാര്‍ടി ആഗ്രഹിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ മടക്കിഅയച്ചത് എന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.