തമിഴ് രാഷ്ട്രവാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്: ഡിഎംകെ എംപി എ രാജ

single-img
4 July 2022

പ്രത്യേക തമിഴ് രാഷ്ട്രമെന്ന പെരിയാറിന്റെ ആശയം ഉന്നയിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കരുതെന്ന് ഡിഎംകെ എംപി എ രാജ. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വേദിയിലിരുത്തിയായിരുന്നു എ രാജയുടെ വിവാദ പ്രസംഗം.

മുഖ്യമന്ത്രിയായ ശേഷം സ്റ്റാലിനും പങ്കെടുത്ത പരിപാടിയിലാണ് പ്രസംഗമെന്നാണ് വീഡിയോയിൽ വ്യക്തമാകുന്നത്. ആദ്യ മുഖ്യമന്ത്രി അണ്ണാദുരൈയുടെ വഴിയിലാണ് ഞങ്ങൾ സഞ്ചരിക്കുന്നതെന്നും എന്നാൽ തന്തൈ പെരിയാറിന്റെ സ്വതന്ത്ര രാഷ്ട്രവാദ ആശയത്തിലേക്ക് ഞങ്ങളെ തള്ളിവിടരുത് എന്നുമാണ് എ രാജ പറഞ്ഞത്.

തമിഴ് നാട് ഇന്ത്യയില്‍ നിന്ന് വേറിട്ടതാകണമെന്ന ആശയം തന്തൈ പെരിയാര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാലും ഇന്ത്യയുടെ ജനാധിപത്യത്തിനും ഐക്യത്തിനും വേണ്ടിയാണ് ആ ആവശ്യം ഇതുവരെ മാറ്റി വെച്ചത്. ഈ ആവശ്യം ഉന്നയിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുതെന്ന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ആഭ്യന്തര മന്ത്രി അമിത്ഷായോടും അഭ്യര്‍ത്ഥിക്കുകയാണ്. ദയവായി ഞങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുക’, എ രാജ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഭാഗമായിരിക്കുന്നത് വരെ തമിഴ് നാട്ടുകാര്‍ക്ക് സാമ്പത്തിക വളര്‍ച്ചയോ, മികച്ച ജോലികളോ ഉണ്ടാകില്ലെന്നും, തൊഴിലവസരങ്ങളുടെ കാര്യത്തിലുള്‍പ്പടെ തന്റെ ആവശ്യങ്ങള്‍ കേന്ദ്രം നിരാകരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

എ രാജയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാക്കളുള്‍പ്പടെ രംഗത്തെത്തി. ഡിഎംകെയുടേത് വിഘടനവാദ ലക്ഷ്യമാണെന്നായിരുന്നു പ്രതികരണം. ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കുന്നതാണ് പ്രസ്താവനയെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനെവാല ട്വീറ്റ് ചെയ്തു.