ദേവസഹായംപിള്ള രാജ്യദ്രോഹി; മാർപാപ്പയ്ക്ക് കത്തയച്ചു കവടിയാർ കൊട്ടാരം

single-img
3 July 2022

മതം മാറ്റിയത് കൊണ്ടല്ല മറിച്ച് രാജ്യദ്രോഹ കുറ്റത്തിന് ആണ് ദേവസഹായംപിള്ള ശിക്ഷിക്കപ്പെട്ടതെന്ന് കവടിയാർ കൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരി പാർവതി ഭായിയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയും ഫ്രാൻസിസ് മാർപാപ്പയ്ക്ക് കത്തയച്ചു.

ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ പൂർവികനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിനെ മതവിദ്വേഷകനായി ചിത്രീകരിച്ചതിൽ വേദനയുള്ളതായും ഇരുവരും കത്തിലൂടെ മാർപാപ്പയെ അറിയിച്ചു. ജൂണിൽ അയച്ച കത്തിന്റെ പകർപ്പ് വിദേശകാര്യ മന്ത്രാലയത്തിനും നൽകിയിട്ടുണ്ട്.

മതം മാറിയതുകൊണ്ട് ദേവസഹായം വധിക്കപ്പെട്ടു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കത്തിൽ പറയുന്നു.

കുളച്ചൽ യുദ്ധത്തിൽ കീഴടങ്ങിയ ശേഷം തിരുവിതാംകൂർ രാജാവിന്റെ വിശ്വസ്തനും സൈന്യാധിപനുമായി മാറിയ ഡച്ച് ക്യാപ്റ്റൻ ഡെലെനോയുടെ പ്രേരണയാണ് ദേവസഹായം മതം മാറിയത്. രാജാവിനുമേൽ വലിയ സ്വാധീനം ഉണ്ടായിരുന്ന ഡെലെനോയ് ഇക്കാരണത്താൽ തന്നെ ദേവസഹായം പിള്ളയെ കൈവിടില്ലായിരുന്നുവെന്ന് ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിൽ നാഗം അയ്യാ പറയുന്നു.

രാജാവുമായി യുദ്ധം തുടർന്ന് ഡച്ചുകാർ ഉൾപ്പെടെയുള്ള തിരുവിതാംകൂറിന്റെ ശത്രുക്കളുമായി സഹകരിച്ചത് കൊണ്ടാണ് ദേവസഹായം ശിക്ഷിക്കപ്പെട്ടത്. വേറെയും അക്ഷന്തവ്യമായ കുറ്റങ്ങൾ ഉണ്ടായിരുന്നെങ്കിലും അവ സൂചിപ്പിക്കുന്നില്ല എന്നും കത്തിൽ പറയുന്നു.

സഭയുടെ ആഗ്രഹങ്ങൾക്കും തീരുമാനങ്ങൾക്കും തങ്ങൾ തടസ്സം നിൽക്കുകയില്ലെന്നും, മഹാരാജാക്കന്മാരെ തെറ്റായ ചിത്രീകരിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും കവടിയാർ കൊട്ടാരം മാർപാപ്പയുടെ കത്തിൽ ആവശ്യപ്പെട്ടു.

തിരുവിതാംകൂർ രാജാക്കന്മാർ മറ്റു മതങ്ങളിൽ പെട്ട പ്രജകളോട് വിവേചനം കാണിച്ചിട്ടില്ല. വാരാപ്പുഴയിലെ ക്രൈസ്തവ ദേവാലയത്തിന് മാർത്താണ്ഡവർമ്മ കാരമൊഴിവായി സ്ഥലം നൽകിയതും, ഉദയഗിരിയിൽ പള്ളി പണിയുന്നതിനുള്ള പണം ഡെലെനോയുടെ ആവശ്യപ്രകാരം കാർത്തികതിരുന്നാൽ രാമവർമ്മ മഹാരാജാവ് നൽകിയതും, പള്ളി വികാരിക്ക് നൂറ് പണം വേതനമായി നൽകിയതും ചരിത്ര രേഖകളെ ഉദ്ധരിച്ച് കത്തിൽ അനുസ്മരിക്കുന്നുണ്ട്.