‘നിയമലംഘനം നേരിട്ട് കാണാതെ വാഹനങ്ങള്‍ പരിശോധനയ്ക്കായി തടയരുത്’

single-img
30 June 2022

ബെംഗളൂരു: നിയമലംഘനങ്ങൾ നേരിട്ട് കാണാതെ രേഖകൾ പരിശോധിക്കുന്നതിനായി വാഹനങ്ങൾ നിർത്തുന്നത് നിർത്താൻ കർണാടക ട്രാഫിക് പൊലീസിന് ഡി.ജി.പിയുടെ നിർദേശം. ട്രാഫിക് പോലീസിൻറെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അനാവശ്യ പരിശോധന അവസാനിപ്പിക്കണമെന്ന് ഡി.ജി.പി. ട്വീറ്റ് ചെയ്തത്.

നേരത്തേ പ്രവീണ്‍ സൂദ് ട്രാഫിക് എ.സി.പി.യായിരുന്നപ്പോള്‍ ഇത്തരം പരിശോധനകള്‍ നിര്‍ത്തണമെന്ന് നിലപാടെടുത്തിരുന്നെങ്കിലും ഡി.ജി.പി.യായപ്പോള്‍ പരിശോധന തിരിച്ചെത്തിയെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു സ്വദേശി ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ മറുപടിയായാണ് ഡി.ജി.പി.യുടെ ട്വീറ്റ്

ട്രാഫിക് നിയമങ്ങളുടെ ലംഘനമോ മദ്യലഹരിയിൽ വാഹനമോടിക്കുകയോ ചെയ്താൽ മാത്രം വാഹന പരിശോധന മതിയെന്നാണ് തൻറെ നിലപാടെന്ന് ഡി.ജി.പി പറഞ്ഞു. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ട്രാഫിക് ജോയിൻറ് കമ്മീഷണറെയും ബെംഗളൂരു പൊലീസിനെയും അദ്ദേഹം ട്വിറ്ററിൽ ടാഗ് ചെയ്തു. അദ്ദേഹത്തിൻറെ നിർദ്ദേശത്തെ പലരും സ്വാഗതം ചെയ്തു.