ടീസ്തയെ അറസ്റ്റ് ചെയ്തത് മോദിക്കെതിരെയും ഗുജറാത്ത് കലാപത്തെക്കുറിച്ചും പൊള്ളയായ ആരോപണങ്ങള്‍ നടത്തിയതിയതിനാൽ: ബിജെപി

single-img
29 June 2022

രാജ്യത്തെ പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെയും, ഫാക്ട് ചെക്കിംഗ് മീഡിയയായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെയും അറസ്റ്റില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

കോൺഗ്രസ് രാജ്യത്ത് വിഷം നിറഞ്ഞ ചുറ്റുപാടിലാണ് ജീവിക്കുന്നതെന്നും അതുകൊണ്ടാണ് കൂട്ടത്തില്‍ ഒരാള്‍ പിടിയിലാകുമ്പോള്‍ മറ്റുള്ളവര്‍ പ്രതിഷേധിക്കുന്നതെന്നുമായിരുന്നു ബിജെപി പ്രതികരിച്ചത്.
പ്രതിപക്ഷം അവരുടെ സൗകര്യത്തിനനുസരിച്ചാണ് രാജ്യത്തെ നിയമവ്യവസ്ഥയെ വിശ്വസിക്കുന്നതും എതിര്‍ക്കുന്നതുമെന്നും പ്രതിപക്ഷത്തിന് രാജ്യത്തിന്റെ നിയമസംവിധാനത്തില്‍ എന്തെങ്കിലും വിശ്വാസമുണ്ടോയെന്നും പാർട്ടി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു.

ടീസ്ത സെതല്‍വാദിനെതിരായ ഇപ്പോഴത്തെ പോലീസ് നടപടി സുപ്രീം കോടതി അനുശാസിച്ചത് പ്രകാരമാണെന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും കലാപത്തെക്കുറിച്ചും പൊള്ളയായ ആരോപണങ്ങള്‍ നടത്തിയതിനാണ് ടീസ്തയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

സമൂഹത്തിൽ മതവിദ്വേഷം പ്രചരിപ്പിക്കാനും രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കാനും വേണ്ടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ ഒരു ശാഖ മാത്രമാണ് ടീസ്ത സെതല്‍വാദ്. ആ പ്രവൃത്തി അവർ ഭംഗിയായി ചെയ്യുന്നു. ഇത്തരത്തിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന്റെ ആസ്ഥാനം കോണ്‍ഗ്രസാണ്. ഈ വിദ്വേഷപ്രചാരണത്തിന് ആഹ്വാനം നല്‍കുന്നതാകട്ടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും,’ ഭാട്ടിയ കൂട്ടിച്ചേർത്തു.